തൃശൂർ: ചരിത്രപ്രസിദ്ധമായ തൃശൂർ പൂരത്തിന് തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറി. പൂരത്തിന്റെ ആരവങ്ങളുയർന്ന തിരുവമ്പാടിയിലും പാറമേക്കാവിലും, തട്ടകക്കാരും പൂരപ്രേമികളും അടക്കം വൻജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു കൊടിയേറ്റം.
രാവിലെ 11 മണിയോടെ തിരുവമ്പാടി ക്ഷേത്രത്തിൽ കൊടിയേറ്റച്ചടങ്ങുകൾ തുടങ്ങി. ശ്രീകോവിലിൽ പൂജിച്ച കൊടിക്കൂറ തന്ത്രിയും മേൽശാന്തിയും ചേർന്ന് പുറത്തേക്കെത്തിച്ചു. പാരമ്പര്യാവകാശികൾ ഭൂമിപൂജ നടത്തി, ചെത്തിമിനുക്കിയ കവുങ്ങിൻ മരത്തിൽ ആലിലയും മാവിലയും ദർഭയും ചേർത്ത് അലങ്കരിച്ചു. പുറത്തെത്തിച്ച കൊടിക്കൂറ ദേവസ്വം പ്രതിനിധി ദേശക്കാർക്ക് കൈമാറി, കൊടിമരത്തിൽ ഉയർത്തി. വൈകിട്ട് പൂരം പുറപ്പാടിന് തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി. നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകൾ ഉയർത്തി.
പന്ത്രണ്ട് മണിയോടെയായിരുന്നു പാറമേക്കാവ് ക്ഷേത്രത്തിൽ കൊടിയേറ്റം. ശ്രീകോവിലിൽ പൂജിച്ച കൊടിക്കൂറ ദേശക്കാർ ഏറ്റുവാങ്ങി. പാരമ്പര്യ അവകാശികൾ ഒരുക്കിയ മരത്തിൽ ദേവസ്വം പ്രതിനിധികളും ദേശക്കാരും ചേർന്നാണ് കൊടിയേറ്റിയത്. മന്ത്രി വി.എസ്. സുനിൽകുമാറും പങ്കുചേർന്നു. കൊടിയേറ്റത്തിന് ശേഷം പുറത്തേക്കെഴുന്നെള്ളി വടക്കുന്നാഥ ക്ഷേത്രം മൈതാനിയിലെ മണികണ്ഠനാലിലും, നായ്ക്കനാലിലും, നടുവിലാലിലും, പാറമേക്കാവിലെ പാലമരത്തിലും ദേശക്കാർ കൊടി നാട്ടി. സിംഹമുദ്രയുള്ള കൊടിക്കൂറയാണ് പാറമേക്കാവിന്റേത്. അഞ്ച് ആനകളുമായി പുറത്തേക്കെഴുന്നെള്ളിപ്പിന് പെരുവനം കുട്ടൻ മാരാരുടെ പ്രാമാണത്തിൽ മേളവും അരങ്ങേറി. ബ്രഹ്മസ്വം മഠത്തിലും, വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കർണി കുളത്തിലും ആറാട്ടിന് ശേഷം ഭഗവതിമാർ തിരിച്ചെഴുന്നെള്ളി. ബുധനാഴ്ച മുതൽ ദേശപ്പറയെടുപ്പിനായി ഭഗവതിമാർ ഇറങ്ങും.
പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലേതുപോലെ എഴുന്നള്ളിപ്പിന്റെയും മേളത്തിന്റെയും അകമ്പടിയോടെയായിരുന്നു ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം. ആദ്യം ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് കൊടിയേറിയത്. അയ്യന്തോൾ കാർത്യായനി ദേവീ ക്ഷേത്രത്തിൽ 11.30നും ചെമ്പൂക്കാവ് കാർത്യായനി ഭഗവതി ക്ഷേത്രത്തിൽ വൈകിട്ട് ആറിനും ചിയ്യാരം പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രത്തിൽ വൈകിട്ട് 6.30നും ചൂരക്കോട്ടുകാവ് ദുർഗാദേവീ ക്ഷേത്രത്തിൽ രാത്രി എട്ടിനും കൊടിയേറ്റം നടന്നു. കണിമംഗലം ശാസ്താ ക്ഷേത്രം, പനമുക്കുംപിള്ളി ശ്രീധർമശാസ്താ ക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ വൈകിട്ട് 6.30നും രാത്രി ഏഴിനും ഇടയിലായിരുന്നു കൊടിയേറ്റം.
13നാണ് തൃശൂർ പൂരം. 11ന് സാമ്പിൾ വെടിക്കെട്ട് നടക്കും. 12ന് രാവിലെ പൂരവിളംബരം അറിയിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരവാതിൽ തുറക്കും.