ചാലക്കുടി: യാത്രക്കാരുടെ ദുരിതം ഒഴുവാക്കുന്നതിന് നഗരത്തിൽ വീണ്ടും ട്രാഫിക്ക് പരിഷ്‌കാരം വരുന്നു. ഗതാഗത സ്തംഭനങ്ങൾ പരമാവധി ഒഴിവാക്കുന്നതിനും കൂടിയാണ് ബുധനാഴ്ച മുതൽ പുതിയ പരിഷ്‌കാരം ഏർപ്പെടുന്നത്. ഇതു താൽക്കാലികമാണെന്നും ആവശ്യമെങ്കിൽ അടുത്തയാഴ്ച വീണ്ടും മാറ്റങ്ങൾ വരുത്തുമെന്നുമാണ് നഗരസഭാ അധികൃതർ പറയുന്നത്.
ഇതു പ്രകാരം മാളയിൽ നിന്നും വരുന്ന ബസുകൾ സൗത്ത് ജംഗ്ഷനിൽ എത്തിയ ശേഷം വീണ്ടും കിഴക്കെ സർവീസ് റോഡ്, ട്രഷറി എന്നിവ കൂടി നോർത്ത് ജംഗ്ഷനിലെത്തും. എന്നാൽ മാളയിലേക്ക് പോകുന്ന ബസുകൾക്ക് പഴയപടിതന്നെയായിരിക്കും യാത്ര. ഈ ബസുകൾ സൗത്ത് സ്റ്റാൻഡിൽ നിന്നും പടിഞ്ഞാറെ സർവീസ് റോഡു കൂടിയായിരിക്കും കടന്നു പോകുക.
നോർത്തിൽ നിന്നു മാളയിലേക്കുള്ള യാത്രക്കാർക്ക് ഇനി മുതൽ മറ്റൊരു സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ് ഓഫീസ്, ചുങ്കത്ത് ജുവ്വല്ലറി എന്നീ സ്റ്റോപ്പുകളിൽ നിന്നും കയറുന്ന മാളയിലേക്കുള്ള യാത്രക്കാരിൽ നിന്നും സ്വകാര്യ ബസുകൾ പണം ഈടാക്കില്ല. ഇതോടൊപ്പം നഗരത്തിൽ പലയിടത്തും ഇരു ചക്രവാഹങ്ങളുടെ പാർക്കിംഗ് നിരോധിച്ചു. സൗത്തിലെ എം.സി.ആർ ലുങ്കി ബിൽഡിംഗിന് അരികിലും എതിർഭാഗത്തും ഇനിമുതൽ ടൂ വീലർ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവാദമില്ല. ജംഗ്ഷനിലെ കോ.ഓപ്പ് ടെക്‌സ് ബസ് സ്റ്റോപ്പ് പരിസരത്തും ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗിൽ ക്രമീകരണമുണ്ടാകും. ഇതോടൊപ്പം സൗത്ത് മേൽപ്പാലത്തിനടിയിലെ ക്രോസിംഗ് വഴികൾക്ക് വീതികൂട്ടും. മറ്റിടങ്ങളിലെ അനധികൃത വാഹന പാർക്കിംഗിനും നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക്ക് കമ്മിറ്റിയുടെ അറിയിപ്പിൽ പറയുന്നു. ഇതിന്റെ ഭാഗമായി നഗരസഭ, പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ നഗരത്തിലെ ട്രാഫിക് സമ്പ്രദായം നിരീക്ഷിച്ചു.