 പൂരം അലങ്കോലപ്പെടുത്താൻ സംഘടിത നീക്കമുണ്ടെന്ന് അഡി.എ.ജി

കൊച്ചി : രോഗവും പരിക്കുമുള്ള ആനകളെ ഉത്സവങ്ങളിൽ പങ്കെടുപ്പിക്കരുതെന്ന് സുപ്രീം കോടതിയുടെ നിർദേശം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കേരള നാട്ടാന പരിപാലന ചട്ട പ്രകാരം പ്രവർത്തിക്കുന്ന തൃശൂർ, പാലക്കാട്, എറണാകുളം ജില്ലാതല സമിതികൾക്കാണ് ഡിവിഷൻ ബെഞ്ച് നിർദേശം.

രോഗബാധിതരായ ആനകളെ എഴുന്നള്ളിക്കുന്നതിനെതിരെ ഇടുക്കിയിലെ സൊസൈറ്റി ഫോർ പ്രിവൻഷൻ ഒഫ് ക്രുവൽറ്റി ടു ആനിമൽ എന്ന സംഘടനയുടെ സെക്രട്ടറി എം.എൻ. ജയചന്ദ്രൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വിഷയത്തിൽ കോടതിയെ സഹായിക്കാൻ അഭിഭാഷകനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.

കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും വൈൽഡ് ലൈഫ്, ആനസംരക്ഷണ മേഖലകളിൽ വിദഗ്ദ്ധനുമായ ഡോ. പി.എസ്. ഈസയുടെ സഹായവും ഹൈക്കോടതി തേടിയിട്ടുണ്ട്.

രോഗവും പരിക്കുമുള്ള ആനകളെ ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്ന ഉടമകളുടെ അവകാശ സർട്ടിഫിക്കറ്റ് റദ്ദാക്കുക, ഇത്തരം ആനകൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം ഉടമകളിൽ നിന്നും ജില്ലാതല സമിതികളിൽ നിന്നും ഈടാക്കുക, ആരോഗ്യപ്രശ്നങ്ങളുള്ള ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്ന വെറ്ററിനറി ഡോക്ടർമാരെ സർവീസിൽ നിന്ന് പിരിച്ചു വിടുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹർജി.

തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ സംഘടിത നീക്കം നടക്കുന്നുണ്ടെന്നും ഹർജിക്കാരൻ ആവശ്യങ്ങൾ പരിഗണിച്ചാൽ പൂരത്തിന് ആനയെ ഉപയോഗിക്കാൻ കഴിയില്ലെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡി. അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ വ്യക്തമാക്കി. അനാവശ്യ വ്യവഹാരങ്ങൾ നടത്തി വിവാദം ഉണ്ടാക്കി ജനങ്ങളെ സർക്കാരിന് എതിരാക്കാൻ ശ്രമിക്കുകയാണ്. ഹർജികൾ രാഷ്ട്രീയപ്രേരിതമാണെന്നും അഡിഷണൽ എ.ജി വാദിച്ചു. തുടർന്നാണ് സുപ്രീം കോടതി നിർദേശങ്ങൾ പാലിക്കാൻ ഹൈക്കോടതി പറഞ്ഞത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുള്ള ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ വെറ്ററിനറി ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്ന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദേശം മരവിപ്പിച്ച വനംവകുപ്പിന്റെ തീരുമാനം സ്റ്റേ ചെയ്യണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി അനുവദിച്ചില്ല.