തൃശൂർ: പൂരത്തിനെത്തുന്നവർ ബാഗുകൾ പൂരപ്പറമ്പിലേക്ക് കൊണ്ടുവരുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. പൂരത്തിന് ശക്തമായ സുരക്ഷാ സംവിധാനങ്ങളും പൂരം കാണാനെത്തുന്നവർക്ക് മതിയായ സൗകര്യങ്ങളും ഒരുക്കും. പൂരദിവസത്തെ പ്രവർത്തനങ്ങൾക്കായി ജില്ലാ കളക്ടർ ടി.വി. അനുപമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. എ.ഡി.എം, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ, ആർ.ഡി.ഒ, സിറ്റി പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ പൂരദിവസവും പിറ്റേന്നും കാര്യങ്ങൾ വിലയിരുത്തുകയും നിയന്ത്രിക്കുകയും ചെയ്യും. മേയ് 11ന് സാമ്പിൾ വെടിക്കെട്ടു മുതൽ പൂരപ്പിറ്റേന്നത്തെ വെടിക്കെട്ടു വരെ കർശന നിയന്ത്രണത്തിൽ നടത്തും.
നിയന്ത്രണങ്ങൾ
14ന് പുലർച്ചെ നടക്കുന്ന പ്രധാന വെടിക്കെട്ടിന് മണിക്കൂറുകൾക്കു മുൻപു തന്നെ ആളുകളെ സ്വരാജ് റൗണ്ടിൽ നിയന്ത്രിക്കും. പൂരദിവസം തെക്കോട്ടിറക്കത്തിന്റെ സമയത്ത് തെക്കെഗോപുര നടയിലെ മതിലിനു മുകളിൽ ആളുകൾ കയറാൻ അനുവദിക്കില്ല. പൂരദിവസം തേക്കിൻകാട് മൈതാനത്ത് അനധികൃതമായി ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് നടത്തുന്ന കച്ചവടം നിരോധിക്കാനും തീരുമാനമായി. പൊലീസിനെ കൂടാതെ ഫയർ ഫോഴ്‌സ്, എൻ.ഡി.ആർ.എഫ് സേനകളെയും വിനിയോഗിക്കും.
സൗകര്യങ്ങൾ
ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന പൂരമായതിനാൽ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് പൂരപ്പറമ്പിൽ നിരോധനം ഏർപ്പെടുത്തി. തേക്കിൻകാട് മൈതാനത്തിനു ചുറ്റും പരിസരത്തും കുടിവെള്ള കിയോസ്‌കുകൾ സ്ഥാപിച്ച് ആളുകൾക്ക് ദാഹമകറ്റാനുള്ള സൗകര്യവും ഒരുക്കും. കൂടാതെ മൈതാനത്തുള്ള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള സൗകര്യവും ഉപയോഗപ്പെടുത്തും. പൂരപ്പറമ്പിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം ഒരുക്കുന്ന ശൗചാലയങ്ങൾ വൃത്തിയായി നിലനിറുത്തും. പൂരം കഴിഞ്ഞ് ശുചിത്വമിഷൻ, കോർപറേഷൻ എന്നിവയുടെ നേതൃത്വത്തിൽ തേക്കിൻകാട് വൃത്തിയാക്കും. മൈതാനത്ത് ഏതു സമയത്തും ആംബുലൻസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രത്യേക ചികിത്സാ സൗകര്യവും പൂരപ്പറമ്പിൽ പ്രാഥമിക ചികിത്സാസൗകര്യങ്ങളും ഏർപ്പെടുത്തും.