കാഞ്ഞാണി: വാട്ടർ അതോറിറ്റി പൈപ്പിടാൻ റോഡ് കുഴിച്ചു വരുന്നതിനിടെ, കാഞ്ഞാണി ഭാഗത്ത് റോഡ് ടാറിംഗിനെത്തിയ പി.ഡബ്ല്യു.ഡി അധികൃതരെ വിവിധ രാഷ്ടീയ കക്ഷികൾ തടഞ്ഞു. ജനരോഷത്തിൽ റോഡ് പണി നിറുത്താൻ അധികൃതർ നിർബന്ധിതരായി. ആറാട്ടുപുഴ മുതൽ ഗുരുവായൂർ വരെ പോകുന്ന അമൃതം കുടിവെള്ള പദ്ധതിക്കായി റോഡ് പൊളിച്ച് പൈപ്പിടുന്ന പ്രവൃത്തികൾ പെരിങ്ങോട്ടുകരയിലും, ഏനാമാവ് കെട്ടിന്റെ അടുത്തു വരെയും എത്തി നിൽക്കുകയാണ്. ഇതിനിടയിൽപെടുന്ന പ്രദേശമായ അന്തിക്കാട് പാന്തോട് മുതൽ മണലൂർ പുത്തൻകുളം വരെയുള്ള പ്രദേശത്ത് വാട്ടർ അതോറിറ്റി റോഡ് വെട്ടിപ്പൊളിക്കാനിരിക്കെയാണ് പി.ഡബ്ല്യു.ഡി റോഡ് ടാർ ചെയ്യാനെത്തിയത്.
സി.പി.ഐ പ്രവർത്തകരായ പി.കെ കൃഷ്ണൻ, വി.ജി. രാധാകൃഷ്ണൻ, ബി.ജെ.പി പ്രവർത്തകരായ സുധീർ പൊറ്റേക്കാട്ട്, മനോജ് മാനിന, കോൺഗ്രസ് പ്രവർത്തകരായ റോബിൻ വടക്കേത്തല, എം.വി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് പണി തടഞ്ഞത്. വാട്ടർ അതോറിറ്റിയുടെ പണി ഇവിടെയെത്താൻ രണ്ട് വർഷം എടുക്കുമെന്നുള്ളതു കൊണ്ടാണ് ടാറിംഗ് നടത്തുന്നതെന്ന് പി.ഡബ്ല്യു.ഡി പറഞ്ഞെങ്കിലും ജനങ്ങൾ വിട്ടു വീഴ്ചയ്ക്ക് തയ്യാറായില്ല. തുടർന്ന് വളരെ തകർന്ന് കിടക്കുന്ന കുറച്ച് ഭാഗം മാത്രം പണി നടത്തിയ ശേഷം ടാറിംഗ് പൂർണമായും നിറുത്തിവയ്ക്കാമെന്ന് പി.ഡബ്ല്യു. ഡി ഉറപ്പുനൽകിയതോടെയാണ് പ്രശ്നം അവസാനിച്ചത്. അതോടെ കേടു വന്നു കിടന്ന കുറച്ചു പ്രദേശം മാത്രം ടാറിംഗ് നടത്തി പണി അവസാനിപ്പിച്ചു.
വാട്ടർ അതോറിറ്റിയും, പി.ഡബ്ല്യു.ഡിയും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയാണ് ആസൂത്രിതമല്ലാത്ത ഈ നിർമ്മാണ പ്രവർത്തനങ്ങളിലൂടെ ലക്ഷങ്ങൾ പാഴാക്കുന്നതിന് ഇടയാക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വാട്ടർ അതോറിറ്റി അപേക്ഷ നൽകുകയോ പണം അടക്കുകയോ ചെയ്യാത്തതിനാൽ രണ്ട് വർഷത്തേക്ക് ഇവിടെ പൈപ്പിടില്ലെന്നതിനാലാണ് ടാറിംഗ് ആരംഭിച്ചതെന്ന് പി.ഡബ്ല്യു.ഡി അധികൃതർ പറയുമ്പോൾ, എസ്റ്റിമേറ്റ് നൽകി പണം അടച്ചിട്ടും പൈപ്പിടാൻ ഈ പ്രദേശത്ത് പി.ഡബ്ല്യു.ഡി അനുമതി നൽകിയിട്ടില്ലെന്ന് വാട്ടർ അതോറിറ്റി തിരിച്ചും കുറ്റപ്പെടുത്തുന്നു. പരസ്പരം ഐക്യമില്ലാതെ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന രീതി ഇരുവിഭാഗങ്ങളും അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.