ഇരിങ്ങാലക്കുട: 77-ാം വയസിലും ലോകറെക്കാഡ് സ്ഥാപിക്കാനൊരുങ്ങുകയാണ് ഇന്റർനാഷണൽ ഷൊറായ് ഷോട്ടോകാൻ കരാട്ടെ ചീഫ് ഇൻസ്‌പെക്ടർ ഇരിങ്ങാലക്കുട സ്വദേശി ഒ.കെ. ശ്രീധരൻ. 11ന് ശനിയാഴ്ച വൈകീട്ട് ആറിന് നഗരസഭാ ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ കൊൽക്കത്ത കേന്ദ്രമായുള്ള യൂണിവേഴ്‌സൽ റെക്കാഡ് ഫോറത്തിന്റെ നിരീക്ഷകൻ ഡോ. സുനിൽ ജോസഫ് നിരീക്ഷകനായി പങ്കെടുക്കും.
പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ നിമ്യ ഷിജു, ഐ.ടി.യു ബാങ്ക് പ്രസിഡന്റ് എം.പി. ജാക്‌സൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാർ തുടങ്ങിയവർ സംബന്ധിക്കും. ആണികളടിച്ച പലകയിൽ കിടന്ന് നെഞ്ചിൽ കരിങ്കല്ല് കയറ്റിവച്ച് അടിച്ച് പൊട്ടിക്കുക, 15 പേരെ സ്വന്തം നെഞ്ചിൽ കയറ്റിയിറക്കുക, 6 കരിങ്കല്ലുകൾ നെഞ്ചിൽവച്ച് അടിച്ച് പൊട്ടിക്കുക, 15 കനമുള്ള കമ്പികൾ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ വച്ച് വളയ്ക്കുക, 15 പട്ടികകൾ ശരീരത്തിൽ അടിച്ച് പൊട്ടിക്കുക, 250 ഓടുകൾ കൈകൊണ്ട് അടിച്ചുതകർക്കുക തുടങ്ങിയ പരിപാടികളാണ് റെക്കാഡിനായി ശ്രീധരൻ ചെയ്യുന്നത്. ചെറുപ്പക്കാർ ഇതൊക്കെ ചെയ്യാറുണ്ടെങ്കിലും 77 വയസ്സായ ഒരാൾ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ആദ്യമായിട്ടായിരിക്കും.