തൃശൂർ: പ്ലസ്ടു പരീക്ഷയിൽ 84.11 ശതമാനം വിജയവുമായി ജില്ല ഒമ്പതാം സ്ഥാനത്ത്. പരീക്ഷയെഴുതിയ 33059 വിദ്യാർത്ഥികളിൽ 27805 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 1127 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസുണ്ട്. ടെക്‌നിക്കൽ സ്‌കൂൾ പരീക്ഷയിൽ 75.00 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 20ൽ 15 പേർ വിജയിച്ചെങ്കിലും ഒരാൾക്കു പോലും മുഴുവൻ വിഷയത്തിലും എ പ്ലസില്ല.
ഓപ്പൺ സ്‌കൂളിൽ വിജയ ശതമാനം കൂടി. 45.21 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 40.91 ശതമാനമായിരുന്നു. പരീക്ഷയെഴുതിയ 4490 വിദ്യാർത്ഥികളിൽ 2030 പേരാണ് വിജയിച്ചത്. ഒരാൾ മാത്രമാണ് മുഴുവൻ വിഷയത്തിലും കഴിഞ്ഞവർഷം എ പ്ലസ് നേടിയതെങ്കിൽ ഇക്കുറി മൂന്നുപേർക്ക് ലഭിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്ന്, രണ്ട്, മൂന്ന് പാർട്ടുകളിലായി സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയർന്ന വിജയമാണ് ജില്ലക്ക് ലഭിച്ചത്. 84.38 ശതമാനമാണ് വിജയം.

പരീക്ഷയെഴുതിയ 2563 പേരിൽ പാർട്ട് ഒന്നിലും, രണ്ടിലുമായി 2351 പേരും, ഒന്ന്, രണ്ട്, മൂന്ന് പാർട്ടുകളിലായി 2118 പേരും വിജയിച്ചു. കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ 78 വിദ്യാർത്ഥികൾ പരീക്ഷയ്ക്കിരുന്നതിൽ 73 വിദ്യാർത്ഥികൾ ഉന്നത പഠനത്തിന് യോഗ്യത നേടി. 93.59 ശതമാനമാണ് വിജയം.

54ൽ 52 പേരും വിജയിച്ച കുന്നംകുളം ഗവ. ബധിര മൂക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം പങ്കുവച്ച് ജില്ലയ്ക്ക് അഭിമാനമായി.