കൊടുങ്ങല്ലൂർ: ഹയർ സെക്കൻഡറി പരീക്ഷ എഴുതിയ മേഖലയിലെ മൂന്ന് വിദ്യാർത്ഥികൾ 1200ൽ 1200 മാർക്കും നേടി നാടിന് അഭിമാനമായി. പെരിഞ്ഞനം സ്വദേശി കൃഷ്ണപ്രിയ, വയലാർ സ്വദേശി അലിൻ.സി, എറിയാട് സ്വദേശി അപർണ്ണ ഇ. സോമൻ എന്നിവരാണ് മുഴുവൻ മാർക്കും കരസ്ഥമാക്കി, പ്ളസ് ടുവിലെ താരങ്ങളായത്.

കൊടുങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി (ശൃംഗപുരം) സ്കൂളിലെ വിദ്യാർത്ഥിനിയാണ് കൃഷ്ണപ്രിയ. പെരിഞ്ഞനം കാട്ടുപറമ്പിൽ ശ്രീനിവാസന്റെയും ഇന്ദുവിന്റെയും മകളായ കൃഷ്ണപ്രിയ ഹ്യൂമാനിറ്റീസിലാണ് ഈ മിന്നും വിജയം സ്വന്തമാക്കിയത്. മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ ഒരേ ക്ളാസ്സിലെ വിദ്യാർത്ഥികളാണ് 1200ൽ 1200 മാർക്കും കരസ്ഥമാക്കിയ അലിനും അപർണ്ണയും. റവന്യൂ വിഭാഗത്തിൽ നിന്നും വിരമിച്ച ചെമ്പനേഴത്ത് വിജയന്റെയും രമാദേവിയുടെയും മകളാണ് അലിൻ.

എറിയാട് എടമുട്ടത്ത് കുടുംബാഗവും ഗവ. ഗേൾസ് സ്കൂൾ അധ്യാപകൻ ഇ.കെ. സോമന്റെയും ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് സീനിയർ ക്ളർക്ക് യമുനയുടെയും മകളാണ് അപർണ്ണ, മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറിയിലെ ബയോളജി വിഭാഗത്തിലാണിരുവരും.