തൃശൂർ: പൂരത്തിന് മുന്നോടിയായി ഹോട്ടലുകളിലും ബേക്കറികളിലും ശീതളപാനീയ കടകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഭക്ഷണപദാർത്ഥങ്ങൾ വിൽക്കുന്ന കടകളിൽ പരിശോധന ആരംഭിച്ചു. പഴകിയ ഭക്ഷണം ഫ്രീസറുകളിൽ സൂക്ഷിച്ച് വീണ്ടും ചൂടാക്കി നൽകുന്ന അമല നഗറിലെ ഹോട്ടൽ ഉടമയ്ക്ക് നോട്ടീസ് നൽകി. പിഴ ഈടാക്കി. ചില്ലി ചിക്കൻ, ചില്ലിഗോബി, ബിരിയാണി ഫിഷ് ഫ്രൈ എന്നിവയിൽ കൃത്രിമ നിറം ചേർക്കുന്നതായി കണ്ടെത്തിയ പൂങ്കുന്നത്തെ ഹോട്ടലിനെതിരെയും നടപടി സ്വീകരിച്ചു. നഗരത്തിലെ ഹോട്ടലിൽ നിന്ന് തീയതി എഴുതി വയ്ക്കാതെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മീനും ഇറച്ചിയും പിടിച്ചെടുത്തു നശിപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു. ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്കും ജീവനക്കാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്കും വെള്ളം പരിശോധിച്ച റിപ്പോർട്ട് ഇല്ലാത്തവർക്കും നടപടി സ്വീകരിച്ചു.
പൂരം പ്രദർശന നഗരിയിൽ നടത്തിയ പരിശോധനയിൽ കൃത്രിമ നിറം ചേർത്ത പട്ടാണിക്കടല പിടിച്ചെടുത്തു നശിപ്പിച്ചു. ഇത്തരം നിറങ്ങൾ കാൻസർ രോഗത്തിന് കാരണമാകും. നിറം ചേർത്ത മിഠായികൾ കുട്ടികൾക്ക് വാങ്ങിക്കൊടുക്കരുതെന്ന് ഫുഡ് സേഫ്‌റ്റി ഓഫീസർ വി.കെ. പ്രദീപ് കുമാർ പറഞ്ഞു. 37 കടകളിലാണ് പരിശോധന നടത്തിയത്. പത്തു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ജില്ലാ കളക്ടർ ടി.വി. അനുപമയുടെ നിർദ്ദേശാനുസരണം ഫുഡ് സേഫ്‌റ്റി അസി. കമ്മിഷണർ ജയശ്രീ, ഫുഡ് സേഫ്‌റ്റി ഓഫീസർമാരായ വി.കെ. പ്രദീപ്കുമാർ, കെ.കെ. അനിലൻ എന്നിവരാണ് പരിശോധന നടത്തിയത്. പരിശോധന വരും ദിവസങ്ങളിലും തുടരും.