karoor-chira
Karoor Chira

കൊടകര: ആളൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം നേരിടുന്നതിന് സംഭരിച്ച കാരൂർചിറയിലെ വെള്ളം വിരിപ്പുകൃഷിക്ക് തടസമാകുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് തുറന്നുവിടാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് പഞ്ചായത്ത് അധികൃതർ. നിലവിൽ ചിറയുടെ ഒരുഭാഗം മണ്ണിട്ടുനികത്തി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവരാണ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതത്രെ. ഇക്കാര്യം പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.

കഴിഞ്ഞ ഏപ്രിലിൽ ചിറകെട്ടി സംരക്ഷിച്ചിരുന്ന വെള്ളം രാത്രിസമയം തുറന്ന് വിട്ടിരുന്നു. ഇക്കുറിയും അത് ആവർത്തിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ആളൂർ പഞ്ചായത്തിൽ 11-ാം വാർഡിൽ 45 ഏക്കറോളം വരുന്ന പാടശേഖരമാണ് കാരൂർചിറ. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കിണറുകളിലും ജലസ്രോതസുകളിലും ജലവിതാനം നിലനിറുത്തുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വർഷങ്ങളായി ചിറകെട്ടി വെള്ളം സംഭരിക്കുന്നുണ്ട്.

ജനുവരി മുതൽ മേയ് മാസം വരെയാണ് ചിറകെട്ടി കനാൽ വെള്ളം ചിറയിൽ നിറയ്ക്കുന്നത്. ജലദൗർലഭ്യം അതിരൂക്ഷമായെങ്കിലും കനാൽവെള്ളം ഇനി ലഭിക്കാനിടയില്ല. കുടിവെള്ളക്ഷാമം രൂക്ഷമായതിനാൽ ഇതിനകം പഞ്ചായത്ത് വിവിധ സ്ഥലങ്ങളിൽ കുടിവെള്ളം എത്തിച്ചുനൽകുന്നുണ്ട്. വെള്ളം തുറന്നുവിട്ടാൽ കാരൂർ, തിരുത്തിപ്പറമ്പ്, വെള്ളാഞ്ചിറ, കുഴിക്കാട്ടുശേരി പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായേക്കും. ഇതോടെ കാരൂർചിറയെ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം നിലയ്ക്കും.

വിരിപ്പുകൃഷി തടസപ്പെടുത്തില്ല

വെള്ളം തുറന്നുവിടണമെന്ന് ശഠിക്കുന്നവരും വിരിപ്പൂകൃഷിക്ക് തടസമാകുമെന്ന് തെറ്റിദ്ധരിപ്പിക്കുന്നവരും ആരുടെയോ താത്പര്യ സംരക്ഷകരാണ്. പ്രദേശത്ത് കാലങ്ങളായി ഒരുപൂ മാത്രമാണ് നെൽക്കൃഷിയിറക്കുന്നത്. ചിറയിലെ വെള്ളം വിരിപ്പ് കൃഷിക്ക് തടസമുണ്ടാക്കാത്തവിധം മേയ് അവസാനമോ ജൂൺ ആദ്യവരാമോ തുറന്നുവിടുകയാണ് പതിവ്. മഴ ലഭിക്കുന്ന മുറയ്ക്ക് മേയ് അവസാനത്തിലോ ജൂൺ ആദ്യവാരത്തിലോ ചിറ തുറന്ന് വിടും. കർഷകർക്ക് വിരിപ്പ് കൃഷിയിറക്കാൻ തടസമുണ്ടാകില്ല

- സന്ധ്യ നൈസൻ, ആളൂർ പഞ്ചായത്ത് പ്രസിഡന്റ്