ചാലക്കുടി: പുതിയ പരിഷ്‌ക്കാരത്തോടെ നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് അൽപ്പം അയവു വന്നു. സൗത്ത് മേൽപ്പാലത്തിനടിയിൽ വാഹനങ്ങൾക്ക് കടന്നു പോകാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതോടെയാണ് രണ്ടാഴ്ചയായി തുടരുന്ന സൗത്ത് ജംഗ്ഷനിലെ വാഹന സ്തംഭനത്തിന് കുറവുണ്ടായത്.
മാള മേഖലയിൽ നിന്നത്തുന്ന സ്വകാര്യ ബസുകൾ ട്രങ്ക് റോഡ് ജംഗ്ഷൻ കൂടി പോകണമെന്ന് തീരുമാനം ബുധനാഴ്ച മുതലാണ് പ്രാബല്യത്തിലായത്. മേൽപ്പാലത്തിനടിയിൽ കൂടി കിഴക്കെ സർവീസ് റോഡിലെത്തുന്ന ബസുകൾ ട്രഷറി റോഡ് വഴിയാണ് ഇപ്പോൾ പോകുന്നത്. ഇവിടെ യാത്രക്കാരെ ഇറക്കുന്നതോടൊപ്പം മാള ഭാഗത്തേക്കുള്ളവരെ ബസ് സ്റ്റാൻഡിലേക്ക് സൗജന്യമായി കൊണ്ടു പോകുകയും ചെയ്യുന്നുണ്ട്. മേൽപ്പാലത്തിനടിയിലെ ക്രോസിംഗ് വഴിക്ക് ആവശ്യത്തിലേറെ വീതികൂട്ടിയത് ജനങ്ങൾക്ക് അനുഗ്രഹമായി. മറ്റു വാഹനങ്ങളും ഇതിലെ സുഗമമായി തിരിഞ്ഞു പോകുന്നു. എന്നാൽ മെയിൻ റോഡിലും ട്രങ്ക് റോഡ് ജംഗ്ഷനിലും അനുഭവപ്പെടുന്ന ഗതാഗത സ്തംഭനത്തിന് അയവുണ്ടായില്ല. ഇതിനായി റോഡരികിലെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കാനും തീരുമാനിച്ചുണ്ട്.
....................................
നിരീക്ഷിക്കാൻ എം.എൽ.എ എത്തി
നഗരത്തിലെ ഗതാഗത പരിഷ്‌കാരങ്ങൾ നിരീക്ഷിക്കുന്നതിന് ബി.ഡി.ദേവസി എം.എൽ.എ എത്തി. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. വാഹന യാത്ര സുഗമമാക്കുന്നതിന് സൗത്ത് മേൽപ്പാലത്തിനടിയിൽ ക്രോസിംഗ് വഴി വിപുലീകരിച്ചത് എം.എൽ.എ പ്രത്യേകം നിരീക്ഷിച്ചു. പ്രസ്തുത സ്ഥലം ടാറിംഗ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇതിനിടെ ഇവിടെ ബുധനാഴ്ചയും പാർക്ക് ചെയ്ത വാഹന ഉടമകൾക്കെതിരെ പൊലീസ് നടപടികളും ആരംഭിച്ചു. സ്ഥിരമായി ആളുകൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലമാണ് റോഡിനായി കഴിഞ്ഞ ദിവസം മാറ്റിയത്. എന്നാൽ ഇതൊന്നും വക വയ്ക്കാതെ അതിരാവിലെ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്തവർക്കെതിരെയാണ് പെറ്റി കേസ് ചുമത്തിയത്.