ചാലക്കുടി: ഫയർഫോഴ്‌സിന് പുതിയ കെട്ടിടം ലക്ഷ്യമിട്ട് റെയിൽവേ സ്റ്റേഷൻ റോഡിലെ ഗവ. എൻജിനിയറിംഗ് വർക്ക് ഷോപ്പ് വളപ്പിൽ നിന്നും സ്ഥലം ലഭ്യമാക്കാൻ ശ്രമം തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ എൻജിനിയറിംഗ് വർക്ക് ഷോപ്പ് കോമ്പൗണ്ടിൽ നിന്നാണ് 40 സെന്റ് സ്ഥലം കിട്ടുന്നതിന് പ്രാഥമിക ഒരുക്കം തുടങ്ങിയത്. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഇതു സംബന്ധിച്ച് നീക്കം നടത്തിയത്.
സ്ഥലം അളവ് അടക്കമുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തിയ ഫയൽ കളക്ടർക്ക് കൈമാറുകയും ചെയ്തു. റെയിൽവേ സ്റ്റേഷൻ റോഡിൽ ഐ.ടി.ഐക്ക് സമീപമായി രണ്ടേക്കർ സ്ഥലമാണ് പൊതു മരാമത്ത് വകുപ്പ് എൻജിനിയറിംഗ് വർക്ക് ഷോപ്പിനുള്ളത്. ഇതിൽ അരയേക്കറോളം റവന്യു, പൊതുമരാമത്ത് പുറമ്പോക്ക് സ്ഥലവുമാണ്. സൗകര്യമുള്ള സ്ഥലം ലഭ്യമായാൽ ഫയർഫോഴ്‌സിന് പുതിയ കെട്ടിടവും നിർമ്മിക്കാം.
പൊലീസ് സ്റ്റേഷൻ റോഡിലെ നഗരസഭയുടെ പഴയ കെട്ടിത്തിലാണ് ഇപ്പോൾ ഫയർഫോഴ്‌സ് പ്രവർത്തിക്കുന്നത്. ഇതിന് നഗരസഭയ്ക്ക് വാടകയും നൽകണം. സ്ഥല പരിമിതിയിൽ ഇവിടത്തെ ആംബുലൻസും ജീപ്പും പുറത്ത് വെയിലും മഴയും കൊണ്ടുകിടക്കുകയാണ്.