melam
വാദ്യകലാപ്രമാണിമാരായ പരയ്ക്കാട് തങ്കപ്പൻ,​കിഴക്കൂട്ട് അനിയൻ മാരാർ.പെരുവനം കുട്ടൻ മാരാർ, കോങ്ങാട് മധു

തൃശൂർ : പൂരനാളിൽ ഒഴുകിയെത്തുന്ന വാദ്യകലാ പ്രേമികൾക്ക് ഇത്തവണയും വിരൂന്നൂട്ടാൻ പ്രമാണിമാർ റെഡി. വിശ്വപ്രസിദ്ധമായ മഠത്തിൽ വരവും ഇലഞ്ഞിത്തറ മേളവും ഒപ്പം തിരുവമ്പാടിയുടെ മേളവും പാറമേക്കാവിന്റെ രാത്രി പഞ്ചവാദ്യവും പൂരനഗിയെ വിസ്മയം കൊള്ളിക്കുമ്പോൾ അമരക്കാരായ കോങ്ങാട് മധുവും പെരുവനം കുട്ടൻ മാരാരും പരയ്ക്കാട് തങ്കപ്പനും തങ്ങളുടെ വാദ്യകലാസാധനയുടെ പതിനെട്ടടവും പുറത്തെടുക്കാൻ തയ്യാറായിക്കഴിഞ്ഞു.
രാവിലെ 11ന് മഠത്തിന് മുന്നിൽ നിന്ന് തുടങ്ങിവയ്ക്കുന്ന വാദ്യകലയുടെ സൗന്ദര്യം അത് ഒരോ മണിക്കൂർ ചെല്ലുംതോറും പടർന്ന് പന്തലിച്ച് പിറ്റേന്ന് പകൽ പൂരത്തിൽ അവസാനിക്കുമ്പോൾ അടുത്ത വർഷത്തെ പൂരത്തീയതി മനസിൽ കുറിച്ചിട്ടാകും വാദ്യകലാ പ്രേമികൾ പൂരനഗരി വിട്ടൊഴിയുക.
തിരുവമ്പാടി വിഭാഗത്തിന്റെ മാസ്റ്റർ പീസാണ് മഠത്തിൽ വരവ്. പൂഴിയിട്ടാൽ വീഴാത്ത പുരുഷാരം എത്തുന്ന മഠത്തിൽ വരവ് പഞ്ചവാദ്യത്തിൽ ഏറെ വർഷക്കാലം നിറസാന്നിദ്ധ്യമായിരുന്ന അന്നമനട പരമേശ്വരൻ മാരാർക്കും ഒരു വർഷം പ്രമാണികനായ കേളത്ത് കുട്ടപ്പൻ മാരാർക്കും ശേഷം കഴിഞ്ഞ രണ്ട് വർഷമായി പ്രമാണം വഹിക്കുന്ന കോങ്ങാട് മധു തന്നെ ഇത്തവണയും ആ നിയോഗത്തിന് എത്തുമ്പോൾ പൂരാസ്വാദകരുടെ മനം നിറയും.

പതിറ്റാണ്ടുകൾക്ക് ശേഷം തിരുവമ്പാടി വിഭാഗത്തിൽ മദ്ദളത്തിൽ ചെർപ്പുള്ളശേരി ശിവൻ കൂടി എത്തുന്നുവെന്ന പ്രത്യേകത കൂടി ഉണ്ട്. പഞ്ചവാദ്യം നായ്ക്കനാലിൽ കൊട്ടിക്കലാശിച്ച് മേളപ്പെരുക്കത്തിന് പതിവു തെറ്റാതെ കിഴക്കൂട്ട് തന്നെ കോൽപതിക്കും. എല്ലാം വാദ്യകലയ്ക്ക് സമർപ്പിച്ച് പഠിച്ചതും പരീക്ഷണങ്ങളുമെല്ലം കിഴക്കൂട്ട് അനിയൻ മാരാർ പുറത്തെടുക്കുമ്പോൾ മേളാസ്വാദകർ മേടച്ചൂടിനെ പൂനിലാവാക്കി മാറ്റും.
വടക്കുംനാഥന്റെ തിരുമുറ്റത്ത് ഇലഞ്ഞിയെയും അസുരവാദ്യത്തിന്റെ ആസ്വാദകരുടെയും മനം കുളിപ്പിക്കാൻ പെരുവനം തന്റെ കരിയറിലേക്ക് ഒരേട് കൂടി ചേർക്കാൻ എത്തും. പാറമേക്കാവിൽ നിന്ന് ചെമ്പട കൊട്ടി വടക്കുംനാഥനിലേക്ക് കടന്ന് പടിഞ്ഞാറെ ഗോപുര നടയിലെത്തുമ്പോഴാണ് പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുമായി പെരുവനം കുട്ടൻ മാരാരും ഇരുനൂറോളം വാദ്യകലാകാരൻമാരും ഇലഞ്ഞിത്തറയിലെ മേളപ്പെരുമഴയ്ക്ക് തുടക്കം കുറിക്കുക. പാറേമക്കാവിന്റെ രാത്രി പഞ്ചവാദ്യത്തിനാണ് പരയ്ക്കാട് തങ്കപ്പൻ മാരാർ പ്രമാണം വഹിക്കുന്നത്. ഇത് മൂന്നാം തവണയാണ് തങ്കപ്പൻ മാരാർ പാറേമേക്കാവിന്റെ പഞ്ചവാദ്യ അമരക്കാരനാകുന്നത്.