തൃശൂർ: ധനലക്ഷ്‌മി ബാങ്കിന് കഴിഞ്ഞ സാമ്പത്തിക വർഷം 11.67 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2017-18ൽ കുറിച്ച 24.87 കോടി രൂപയുടെ നഷ്‌ടത്തിൽ നിന്നാണ് കഴിഞ്ഞവർഷം ലാഭത്തിലേക്ക് ബാങ്ക് തിരിച്ചുകയറിയത്. കഴിഞ്ഞവർഷത്തെ അവസാനപാദമായ ജനുവരി-മാർച്ചിൽ ബാങ്കിന്റെ ലാഭം തൊട്ടുമുൻ വർഷത്തെ സമാനപാദത്തിൽ കുറിച്ച 17.16 കോടി രൂപയുടെ നഷ്‌ടത്തിൽ നിന്ന് 27.61 കോടി രൂപയിലേക്ക് കുതിച്ചുയർന്നു.
അറ്റ പലിശ വരുമാനം 1.5 ശതമാനം വർദ്ധിച്ച് 87 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്‌തി 8.11 ശതമാനത്തിൽ നിന്ന് 7.47 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 2.93 ശതമാനത്തിൽ നിന്ന് 2.41 ശതമാനത്തിലേക്കും താഴ്‌ന്നത് ബാങ്കിന് നേട്ടമായി.