ചാവക്കാട്: അഞ്ച് വയസുകാരിയുടെ മൃതദേഹത്തോട് ചാവക്കാട് പൊലീസ് അനാദരവ് കാട്ടിയെന്ന് ആക്ഷേപം. ചാവക്കാട് ഇരട്ടപ്പുഴ ആറുകെട്ടി ദയാനന്ദന്റെ മകൾ രേഷ്മയുടെ (അഞ്ച്) മൃതദേഹത്തോടാണ് ചാവക്കാട് പൊലിസ് പോസ്റ്റ് മോർട്ടം വേണമെന്ന് വാശിപിടിച്ച് ക്രൂരത കാട്ടിയത്. ചൊവ്വാഴ്ച രാവിലെ 10.30ന് അപസ്മാരത്തെ തുടർന്ന് രേഷ്മയെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ജന്മനാൽ അംഗപരിമിതയാണ് രേഷ്മ. എന്നാൽ ആശുപത്രിയിലെത്തും മുമ്പ് കുഞ്ഞ് മരിച്ചു. ചെറിയ കുട്ടിയായിരുന്നതിനാൽ പൊലീസെത്താതെ മൃതദേഹം വിട്ടുകൊടുക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി. പരാതികളില്ലെങ്കിൽ വിട്ടുനൽകാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം വിട്ടുകൊടുക്കാനാവില്ലെന്ന് പൊലീസും ശഠിച്ചു. കുട്ടിയുടെ രോഗവിവരം സംബന്ധിച്ച ചികിത്സാ രേഖകളും മറ്റും ചാവക്കാട് സി.ഐയെ ബന്ധുക്കൾ കാണിച്ചു. ഇതിനിടെ ആശുപത്രി അധികൃതർ മൃതദേഹം വിട്ടുതരികയാണെങ്കിൽ കൊണ്ടുപോയ്‌ക്കൊള്ളാൻ പൊലീസ് ബന്ധുക്കളോട് വാക്കാൽ പറഞ്ഞെന്നും പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉച്ചയ്ക്ക് ഒന്നോടെ ആശുപത്രി അധികൃതർ മൃതദേഹം വിട്ടുനൽകി. എന്നാൽ പിന്നീട് പൊലീസെത്തി മൃതദേഹം വിട്ടുനൽകിയതിന് ആശുപത്രി അധികൃതരുമായി തർക്കത്തിലായി. ആശുപത്രിക്കെതിരെ നടപടിയെടുക്കുമെന്നായതോടെ വീട്ടിൽ നിന്നും മൃതദേഹം തിരിച്ചുകൊണ്ടുവരാൻ ആശുപത്രി അധികൃതർ നിർബന്ധിതരായി. രണ്ടു മണിയോടെ മൃതദേഹം വീണ്ടും ആശുപത്രിയിലെത്തിച്ചു. ഒരു മണിക്കൂറിന് ശേഷം പൊലീസ് ഇൻക്വസ്റ്റ് നടത്തി 4.15ഓടെ പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് അയച്ചു. എന്നാൽ സമയം കഴിഞ്ഞതിനാൽ പിറ്റേന്നത്തേക്ക് പോസ്റ്റ് മോർട്ടം മാറ്റി. രാവിലെ പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ മൃതദേഹം വിശദമായി പരിശോധിച്ചു. മൃതദേഹത്തിൽ മുറിവുകളോ മറ്റ് പരിക്കുകളോ അസ്വാഭാവികമായ പാടുകളോ കണ്ടില്ല. ഡോക്ടർ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്നലെ ഉച്ചയോടെ ബാലികയുടെ സംസ്‌ക്കാരം നടന്നു. ചാവക്കാട് പൊലീസിന്റെ നടപടിക്കെതിരെ ഡോ. ഹിതേഷ് ശങ്കർ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബന്ധുക്കളും അറിയിച്ചു. സുജാതയാണ് രേഷ്മയുടെ മാതാവ്. സഹോദരി: ഗ്രീഷ്മ.