തൃശൂർ: പൂരത്തിന് കൊടിയേറുമ്പോൾ ഒരു ആന നായകനായും പ്രതിനായകനായും തലയുയർത്തി തന്നെ നിൽക്കുന്നു. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ആനയെന്ന വിശേഷണം കൊണ്ടും സൗന്ദര്യത്താലും നായകനായി മാറിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആരാധകരുടെ സ്വന്തം രാമനാണ് രാവണനായി നിറഞ്ഞുനിൽക്കുന്നത്. ആ ഗജവീരനില്ലാതെ പൂരം പൂർണ്ണമാകില്ലെന്നാണ് ആനപ്രേമികളുടെ വാദം. കൂട്ടാനകളെ കുത്തിവീഴ്ത്തുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്ത് വില്ലനായ ഒരു കണ്ണിന് കാഴ്ചശക്തിയില്ലാത്ത രാമചന്ദ്രനെ ജനക്കൂട്ടത്തിന് നടുവിൽ എഴുന്നള്ളിക്കാനാവില്ലെന്നാണ് നിയമപാലകരുടെ ഉത്തരവ്. വിവാദങ്ങൾക്കിടെ മങ്ങലേറ്റത് തൃശൂർ പൂരമെന്ന വിസ്മയത്തിന്റെ ഒരുക്കങ്ങൾക്കാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നെയ്തലക്കാവിലമ്മയുമായി 2014ൽ ആദ്യമായി തെക്കേഗോപുരനട തുറക്കാനെത്തിയപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. കൂട്ടാനകളെ കുത്തുമെന്ന് ചൂണ്ടിക്കാട്ടി വിലക്കും വന്നു. തൃശൂരിന്റെ വികാരത്തിനൊപ്പം ജനപ്രതിനിധികൾ നിലകൊണ്ടപ്പോൾ വിലക്ക് വഴിമാറി. വാർത്തകളിൽ രാമചന്ദ്രൻ നിറഞ്ഞതോടെ ആരാധകരും കൂടി. തെക്കേഗോപുരനട തുറക്കുന്ന ചടങ്ങിന് ആയിരങ്ങളെത്താൻ തുടങ്ങി.
ഇടഞ്ഞും തെളിഞ്ഞും ബീഹാറിബാബു
ജന്മംകൊണ്ട് ബീഹാറിയായ കൊമ്പൻ 1982 ൽ കേരളത്തിൽ. പേര് മോട്ടിപ്രസാദ്.
തൃശൂരുകാരനായപ്പോൾ ഗണേശൻ
1984 മാർച്ചിൽ പേരാമംഗലത്ത് തെച്ചിക്കോട്ടുകാവ് ദേവസ്വം അധികൃതരുടെ അടുത്ത്
തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ നടയ്ക്കിരുത്തി, രാമചന്ദ്രനെന്ന് പേര്
പാപ്പാന്മാരുമായി ഇണങ്ങാതായതോടെ വികൃതിക്കാരനെന്ന് പേര്
പിന്നീട് വലതു കണ്ണിന്റെ കാഴ്ചശക്തി പൂർണ്ണമായും ഇല്ലാതായി (താനെ നഷ്ടപ്പെട്ടതെന്നും അല്ലെന്നും വാദമുണ്ട്)
മിടുക്കരായ ചില പാപ്പാന്മാരുടെ കീഴിൽ ഉത്സവമുറ്റത്തെ സൗന്ദര്യവും തലപ്പൊക്ക മത്സരങ്ങളിലെ കേമനും.
1999 ൽ മുളയം ക്ഷേത്രത്തിൽ തിരുവമ്പാടി ചന്ദ്രശേഖരനെ കുത്തി, കൊമ്പൻ കൂനത്തൂർ കേശവനെയും
പിന്നിട്ട വഴികളിൽ നിരവധി ഇടച്ചിലും മരണങ്ങളും, കെട്ടുതറി ജീവിതവും
ഗജരാജ കേസരി, ഗജസാമ്രാട്ട്, ഗജചക്രവർത്തി, ഏകഛത്രാധിപതി വിളിപ്പേരുകൾ വീണു
ഏക്കത്തുക ലക്ഷങ്ങളായി റെക്കാഡിൽ
ഫെബ്രുവരിയിൽ ഗുരുവായൂർ കോട്ടപ്പടിയിൽ ഇടഞ്ഞ് രണ്ടുപേരെ കൊലപ്പെടുത്തിയതോടെ വിലക്ക്
54ാം വയസിൽ വനംവകുപ്പ് രൂപീകരിച്ച വിദഗ്ദ്ധസമിതി അനുകൂലമായ നിലപാട്
വ്യത്യസ്തമായ നിലപാടുമായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ
.......................
#ജീവിച്ചിരിപ്പുള്ളതിൽ ഉയരമുള്ള ആന, 317 സെന്റീമീറ്റർ.
#വിരിഞ്ഞ മസ്തകം, ഉറച്ച കാൽ, ആനച്ചന്തം നിറഞ്ഞ നടത്തം
#ലക്ഷണമൊത്ത ഉടൽനിറവും നഖങ്ങളും. നിലംമുട്ടുന്ന തുമ്പിക്കൈ
#കോലം കയറ്റിയാൽ ഇറക്കുംവരെ താഴ്ത്താത്ത വിരിഞ്ഞ മസ്തകം