മാള: അഷ്ടമിച്ചിറ ജലസേചന പദ്ധതിക്ക് ഭീഷണിയായി വീണ്ടും മാലിന്യം നിറയുന്നു. മാലിന്യം തള്ളുന്നതിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പമ്പിംഗിനെ ബാധിക്കുന്ന അവസ്ഥയിലാണ്. വീടുകളിൽ നിന്ന് ഉപേക്ഷിക്കുന്ന കിടക്കകൾ അടക്കമുള്ള അവശിഷ്ടങ്ങളാണ് കനാലിലൂടെ ഒഴുക്കിവിടുന്നത്. ഇത് അഷ്ടമിച്ചിറ ജലസേചന പദ്ധതിയുടെ കുളത്തിലേക്ക് എത്തി പമ്പിൽ കയറുമെന്ന ആശങ്കയുണ്ട്.

ചാലക്കുടിപ്പുഴയിൽ നിന്ന് സമ്പാളൂർ പമ്പിംഗ് സ്റ്റേഷനിലൂടെയാണ് അഷ്ടമിച്ചിറ പദ്ധതിയിലേക്ക് വെള്ളമെത്തുന്നത്. ഈ കനാലിലാണ് മാലിന്യം നിറയുന്നത്. വെള്ളം ഒഴുകിയെത്തുന്ന ഒരു കിലോമീറ്ററിലധികം വരുന്ന കനാലിലേക്ക് സാമൂഹിക വിരുദ്ധരടക്കമുള്ളവരാണ് മാലിന്യം നിക്ഷേപിക്കുന്നത്. മാലിന്യം അഷ്ടമിച്ചിറ പദ്ധതിയിലേക്ക് എത്തുന്നത് പലപ്പോഴും തടസങ്ങൾ സൃഷ്ടിക്കാറുണ്ട്.

മാലിന്യം പമ്പിലേക്ക് കയറിയാൽ നീക്കം ചെയ്യണമെങ്കിൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന് പമ്പ് ഓപ്പറേറ്ററായ ദേവസിക്കുട്ടി പറഞ്ഞു. അഷ്ടമിച്ചിറ ജലസേചന പദ്ധതിയെ അവതാളത്തിലാക്കുന്ന നിലയിൽ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

പുത്തൻചിറ, മാണിയംകാവ്, മാരേക്കാട്, അഷ്ടമിച്ചിറ, പുല്ലൻകുളങ്ങര, അമ്പഴക്കാട്, പുളിയിലക്കുന്ന് എന്നീ പ്രദേശങ്ങളിലേക്കാണ് അഷ്ടമിച്ചിറ ചെറുകിട ജലസേചന പദ്ധതിയിൽ നിന്ന് വെള്ളമെത്തിക്കുന്നത്. ഇവിടെ നൂറ് കുതിരശക്തിയുടെ രണ്ട് മോട്ടോറുകളാണ് പ്രവർത്തിപ്പിക്കുന്നത്.