തൃശൂർ: അഭിമന്യുവിന്റെ ഹൃദയത്തിലേക്ക് കഠാര കുത്തിക്കയറ്റിയ ഒന്നാം പ്രതിയെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലെങ്കിലും കസ്റ്റഡിയിലെടുത്ത് നിയമത്തിനു മുന്നിൽ ഹാജരാക്കാൻ ഡി.ജി.പി തയ്യാറാകണമെന്ന് ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറി ടി.വി. ബാബു ആവശ്യപ്പെട്ടു.

സി.പി.എമ്മിന്റെ രാഷ്ട്രീയ താത്പര്യം പൊലീസ് ചീഫിന് ബാധകമാകരുത്. 'വർഗീയത തുലയട്ടെ ' എന്ന മുദ്രാവാക്യം മതിലുകളിലെഴുതി വായിപ്പിച്ചാൽ സെക്യുലറിസം സംരക്ഷിക്കപ്പെടില്ല. അതിന് മുഖം നോക്കാതെയുള്ള ശക്തമായ നിയമ നടപടികളാവശ്യമാണ്. അതിനുള്ള കരുത്തൊന്നും ഇടതുപക്ഷത്തിനില്ല. അതു കൊണ്ടാണ് സംഘടിത മതന്യൂനപക്ഷങ്ങൾക്ക് മുന്നിൽ വഴങ്ങുകയും വണങ്ങുകയും ചെയ്യുന്ന ദാസന്മാരായി കമ്മ്യൂണിസ്റ്റുകൾ രൂപാന്തരപ്പെട്ടത്. എന്നാൽ ഇക്കുറി മുസ്‌ലിം ലീഗ് ഒരുക്കിയ സന്ധ്യാ വിരുന്നിലൂടെ തീവ്രവാദ ദേശവിരുദ്ധ രാഷ്ട്രീയ നഴ്‌സറിയുടെ സംരക്ഷണവും പ്രോത്സാഹനവും യു.ഡി.എഫ് ഏറ്റെടുത്തത് എൽ.ഡി.എഫിന് തിരിച്ചടിയായി.

പട്ടിക വിഭാഗത്തിന്റെ വൻതോതിലുള്ള വോട്ടു ചോർച്ച ഇടതു മുന്നണിക്ക് പ്രഹര ഭാരം വർദ്ധിപ്പിക്കും. ഇരു മുന്നണികളുടെയും പ്രീണന രാഷ്ട്രീയവും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയവും തിരിച്ചറിഞ്ഞവരുടെ പിന്തുണ എൻ.ഡി.എയുടെ അത്ഭുതകരമായ വളർച്ചയ്ക്ക് കാരണമായെന്ന് ലോക്‌സഭാ ജനവിധി തെളിയിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.