തൃശൂർ: പൂരത്തിന് ആരവമേകി പൊലീസ് ''വന്നേ പൂരം'' ആൽബം പുറത്തിറക്കി.'' 36 മണിക്കൂർ പൂരപ്പെയ്ത്തിനായി പരിശ്രമിക്കുന്ന പൊലീസ് വീര്യവും, തയ്യാറെടുപ്പുകളും, ആസൂത്രണവുമെല്ലാം ഭംഗ്യന്തരേണ ആവിഷ്‌കരിച്ച് പുറത്തിറക്കിയതാണ് ആൽബം. ആദ്യമായാണ് പൊലീസ് പൂരം ആൽബം പുറത്തിറക്കുന്നത്. സിറ്റി പൊലീസ് പി.ആർ.ഒ ടീമംഗങ്ങളായ ഐ.ബി. ഷൈൻ, മനുമോഹൻ എന്നിവരാണ് ആൽബം തയ്യാറാക്കിയത്. പൂഴിയിട്ടാൽ വീഴാത്ത പുരുഷാരത്തിന് കാവലായി സദാ സമയവും പൊലീസുണ്ടാകാറുണ്ടെങ്കിലും പൊലീസ് കഷ്ടപ്പാടുകൾ ആരുമറിയാറില്ല.

ജാഗ്രതയോടെ ജനസഞ്ചയത്തിന് സംരക്ഷണമൊരുക്കുന്ന പൊലീസിന്റെ സഹനവും, ക്ഷമയും, ത്യാഗവും, പരിശ്രമവും വെളിപ്പെടുത്തുന്ന ഒരു ആൽബമാണിത്. ഇതിനകം വൈറലായ പാട്ടും, ചിത്രീകരണവും സോഷ്യൽ മീഡിയകളിൽ ഹിറ്റായി മാറി. രതീഷ് നാരായണനാണ് പാട്ടെഴുതിയതും പാടിയതും. പ്രൊജക്ട് കോർഡിനേറ്റർമാരായി ഓസ്‌കാർ ജനീഷ്, ഡി.ജെ. പ്രസാദ്, പി.കെ കൃപാഷ്, അൻസൂർ എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ചത്. 5 മിനിട്ടും 23 സെക്കൻഡുമാണ് ആൽബത്തിന്റെ ദൈർഘ്യം. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, തൃശൂർ റേഞ്ച് ഐ.ജി ബൽറാം കുമാർ ഉപാദ്ധ്യായ, സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര എന്നിവർ പൂരം സുരക്ഷാ ക്രമീകരണങ്ങൾ വിശദീകരിക്കുന്നുണ്ട്. പ്രമുഖ സിനിമാ താരങ്ങളായ മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരുടെ ആശംസകളുമുണ്ട്. സിറ്റി പൊലീസ് ഫേസ് ബുക്ക് പേജിലും, സിറ്റി പൊലീസ് യു ട്യൂബ് ചാനലിലും ആൽബം ലഭ്യമാണ്...