പുതുക്കാട്: നൂറ്റാണ്ട് പിന്നിട്ട പുതുക്കാട് ഗവ. ഹൈസ്‌കൂളിൽ തുടർച്ചയായി നൂറു ശതമാനം വിജയത്തോടൊപ്പം കൂടുതൽ എ പ്ലസുകൾ നേടിയ വിദ്യാർത്ഥികളുടെ വീടുകൾ തേടി അദ്ധ്യാപകരെത്തി. പ്രധാന അദ്ധ്യാപിക ഉഷ ആന്റണി, അദ്ധ്യാപികമാരായ പുഷ്‌കല, ബിനു എന്നിവരാണ് മധുര പലഹാരങ്ങളും, ഉപഹാരങ്ങളുമായി വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിയത്.

സമൂഹത്തിലെ എറ്റവും താഴെ തട്ടിലുള്ളവരും പല എയ്ഡഡ് സ്‌കൂളുകളിൽ നിന്നും വിജയസാദ്ധ്യത ഇല്ലാത്തവരെ നൂറു ശതമാനം നേടാനായി ടി.സി. നൽകി വിടുമ്പോൾ അവരൊക്കെ എത്തിച്ചേരുന്ന വിദ്യാലയമാണ് പുതുക്കാട് സർക്കാർ സ്‌കൂൾ. പി.ടി.എ, ഒ.എസ്.എ എന്നിവരുടെ സഹകരണത്തോടെ അദ്ധ്യാപകർ നടത്തിയ കഠിന പ്രയത്‌നത്തിന്റെ കൂടി വിജയമാണ് വിദ്യാർത്ഥികളുടെത്.

തങ്ങളുടെ കഠിന പ്രയത്‌നത്തിനൊപ്പം സഹകരിച്ച തങ്ങളുടെ വിദ്യാർത്ഥികൾക്ക് നന്ദിയും, അനുഗ്രഹവും നൽകി മടങ്ങിയ അദ്ധ്യാപകരും എറെ വാശിയിലാണ് ഇനിയും മിന്നുന്ന വിജയം കരസ്ഥമാക്കി വിദ്യാലയ മുത്തശ്ശിയുടെ യശസുയർത്താനായി.