ആകെ വേണ്ടത് 50 കിലോ മയിൽപ്പീലികൾ

ഒരു ആലവട്ടനിർമ്മാണത്തിന് വേണ്ടത് 4 ദിവസം

തൃശൂർ : കുത്തുവിളക്കിന് മുന്നിൽ അണിനിരക്കുന്ന വാദ്യകലാകാരൻ കൊട്ടിക്കയറ്റുന്ന താളക്രമത്തിന് അനുസരിച്ച് കരിവീരന്മാരുടെ പുറത്ത് പീലി വിടർത്തി പിടിക്കുന്ന ആലവട്ടത്തിന്റെ ചന്തം പൂരക്കാഴ്ചയിലെ മനോഹാരിതയാണ്. ലക്ഷണമൊത്ത മയിൽപ്പീലി കൊണ്ട് മനോഹരമായ വട്ടത്തിലാണ് ആലവട്ടം തയ്യാറാക്കുന്നത്. ഓരോ ആനപ്പുറത്തും രണ്ട് വീതം ആലവട്ടങ്ങളാണ് വേണ്ടത്.

തിരുവമ്പാടിക്കും പാറമേക്കാവിനും മുപ്പതാനകൾക്കുമായി 30 ജോഡി ആലവട്ടങ്ങളാണ് തയ്യാറാക്കുന്നത്. ഇതിനായി രണ്ടു കൂട്ടർക്കുമായി അമ്പത് കിലോ മയിൽപ്പീലികൾ ആവശ്യമായി വരുമെന്ന് ദേവസ്വങ്ങൾ പറയുന്നു. വലിയ കണ്ണുള്ള ലക്ഷണമൊത്ത മയിൽപ്പീലി കിട്ടാനാണ് ഇപ്പോൾ ക്ഷാമമെന്ന് ആലവട്ട നിർമ്മാണത്തിന് ചുമതല വഹിക്കുന്നവർ പറയുന്നു. ഒരു ആലവട്ടം നിർമ്മിക്കുന്നതിന് ഏകദേശം നാലു ദിവസത്തോളമെടുക്കും. മയിൽപ്പീലിക്ക് പുറത്തുള്ള ചിത്രപ്പണികളോടെയുള്ള വട്ടങ്ങളാണ് ആലവട്ടത്തിന് കൂടുതൽ ചന്തം പകരുന്നത്. പൂരത്തിന് ഇനി ദിവസം മാത്രം ബാക്കി നിൽക്കേ ഇരുവിഭാഗത്തിന്റെയും ആലവട്ട നിർമ്മാണം അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി തിരുവമ്പാടി വിഭാഗത്തിന് കരിവീരച്ചന്തം പകരുന്ന ആലവട്ടം തയ്യാറാക്കുന്നത് കണിമംഗലം സ്വദേശി കടവത്ത് ചന്ദ്രനാണ്.

തന്റെ മനോധർമ്മം അനുസരിച്ച് വ്യത്യസ്തങ്ങളായ ആലവട്ടങ്ങൾ തുന്നിച്ചേർക്കുമ്പോൾ അത് ഒന്നിന്നൊന്ന് മികവാർന്നതാകും. ആറാട്ടുപുഴ പൂരത്തിനടക്കം വർഷങ്ങളായി ആലവട്ടം തയ്യാറാക്കുന്ന എരവിമംഗംലം സ്വദേശി തെക്കേത്തറ രാധാകൃഷ്ണനാണ് പാറമേക്കാവിനായി നിർമ്മാണച്ചുമതല വഹിക്കുന്നത്..