ചാലക്കുടി: നഗരത്തിലെ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിന് സൗത്ത് ജംഗ്ഷനിൽ വീണ്ടും സൗകര്യം ഒരുക്കി. മേൽപ്പാലത്തിന് അടിയിലെ പ്രധാന ക്രോസിംഗ് വഴി വീതികൂട്ടലാണ് കഴിഞ്ഞ ദിവസം നടന്നത്. തെക്കു ഭാഗത്തുള്ള ഇരുചക്രവാഹന പാർക്കിംഗ് സ്ഥലം, വടക്കുള്ള ആട്ടോ സ്റ്റാൻഡ് എന്നിയുടെ കൂടുതൽ സ്ഥലങ്ങൾ ക്രോസിംഗ് റോഡിനായി ഇനിമുതൽ ഉപയോഗിക്കും.
നഗരസഭാ അധികൃതർ ജെ.സി.ബി ഉപയോഗിച്ച് ഈ ഭാഗത്തെ തടസം നീക്കുകയായിരുന്നു. ഏതെങ്കിലും തരത്തിലെ എതിർപ്പുകൾ ഉയരാതിരിക്കാൻ രാത്രിയോടെ തിരക്കിട്ട് പ്രവൃത്തികൾ ചെയ്തു തീർത്തു. പൊളിച്ച ഭാഗത്ത് ഉടൻ ടാറിംഗും നടത്തും. ഇതോടെ ക്രോസിംഗ് റോഡിലൂടെ ഒരേ സമയം നിരവധി വാഹനങ്ങൾക്ക് സഞ്ചരിക്കാനാകും. മാള ഭാഗത്തു നിന്നും വരുന്ന സ്വകാര്യ ബസുകൾക്ക് മറ്റു തടസങ്ങളില്ലാതെ കിഴക്കെ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിന് മേൽപ്പാലത്തിന്റെ തുടക്കത്തിൽ നേരത്തെ സൗകര്യം ഒരുക്കിയിരുന്നു.
ഇവിടെയും കൂടുതൽ വീതിയിലാണ് വഴി സൃഷ്ടിച്ചത്. ഇതും ഉടൻ ടാറിംഗ് നടത്തും. മറ്റും വാഹനങ്ങൾക്കും ഈ വഴി പ്രയോജനപ്പെടുത്താം. ഇതോടെ സൗത്ത് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് വലിയ ആയിരിക്കുകയാണ്. പഴയ ദേശീയ പാതയോരത്തെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കുക കൂടി ചെയ്താൻ ഗതാഗത പ്രശ്‌നം പൂർണ്ണമായും ഒഴിവാക്കാൻ കഴിയുമെന്നാണ് നഗരസഭ അധികൃതരുടെ പ്രതീക്ഷ.