കൊടുങ്ങല്ലൂർ: ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം ദേവാലയമായ ചേരമാൻ ജുമാമസ്ജിദുമായി ബന്ധപ്പെട്ടു വന്ന ഭീകരാക്രമണ വാർത്തയിൽ കൊടുങ്ങല്ലൂർ നഗരസഭാ കൗൺസിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഈ വിഷയം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നും ചേരമാൻ പള്ളിയുടെ സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്തണമെന്നും കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
നഗരസഭ പ്രദേശത്ത് വീടുകൾ നിർമ്മിക്കുമ്പോൾ സ്ഥല ഉടമകൾ വീട് പരിസരത്ത് മരം വച്ചു പിടിപ്പിക്കണമെന്ന് നഗരസഭാ കൗൺസിൽ വ്യവസ്ഥ ഏർപ്പെടുത്തി. എട്ട് സെന്റിന് മുകളിലുള്ള സ്ഥലത്ത് വീട് നിർമ്മിക്കുമ്പോൾ സ്ഥലത്ത് മാവ്, പ്ലാവ്, ആഞ്ഞിലി തുടങ്ങിയ രണ്ട് ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കണം. വീട് നിർമ്മാണത്തിന്റെ കംപ്ലീഷൻ പ്ലാൻ സമർപ്പിക്കുമ്പോൾ വൃക്ഷങ്ങളുടെ സ്ഥാനവും അതിൽ അടയാളപ്പെടുത്തണം. അത് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമെ ഓക്യുപെൻസി സർട്ടിഫിക്കറ്റ് നൽകൂ. 1500 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകൾക്ക് ഇത് ബാധകമാക്കും. 8 സെന്ററിൽ കുറവുള്ള സ്ഥലത്ത് വീടും വാണിജ്യ കെട്ടിടവും നിർമ്മിക്കുന്നവർ പരമാവധി പൂച്ചെടികൾ / ഫലവൃക്ഷങ്ങൾ വച്ച് പിടിപ്പിക്കണം. കെട്ടിട നിർമ്മാണ പെർമിറ്റ് നൽകുമ്പോൾ ഈ വ്യവസ്ഥകൾ ഉൾപ്പെടുത്തും. വീടിന് നമ്പർ ലഭിക്കുന്നതിന് ഈ വ്യവസ്ഥ നിർബന്ധമാക്കി. ഇതിന്റെ ഭാഗമായി കേരള മുനിസിപ്പൽ കെട്ടിട നിർമ്മാണ നിയമത്തിൽ ഭേദഗതി വരുത്തുന്നതിന് സർക്കാരിനോടാവശ്യപ്പെടും.നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്കായി പണം അയക്കുന്നതിന് പി.ഒ.എസ്. മെഷീൻ ഏർപ്പെടുത്തുവാനും യോഗം തീരുമാനിച്ചു. ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു.