വെങ്കിടങ്ങ്: ക്ലീൻ വെങ്കിടങ്ങാകാനും മാലിന്യത്തിൽ നിന്ന് ജൈവവളം നിർമ്മിക്കാനും വെങ്കിടങ്ങ് പഞ്ചായത്ത് ഒരുങ്ങി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡന്റ് രതി എം. ശങ്കറിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്തിലെ വ്യാപാരികളുടെയും കല്യാണമണ്ഡപങ്ങളുടെയും, കാറ്ററിംഗ്, അറവ് കേന്ദ്രങ്ങളുടെയും പ്രതിനിധികളുടെയും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും, പഞ്ചായത്ത് അംഗങ്ങളുടെയും സംയുക്ത യോഗം നടന്നു.

പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളിലെയും ജൈവമാലിന്യം പഞ്ചായത്ത് ശേഖരിക്കും. ഇതിനായി പ്രത്യേക ഫീസ് ഈടാക്കും. രേഖരിക്കുന്ന മാലിന്യം അതത് ദിവസം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെത്തിക്കും. പ്രത്യേകം പരിശീലനം നേടിയ വനിതകൾ ഇവ പ്രകൃതിക്ക് ഇണങ്ങുന്ന നല്ലയിനം ജൈവവളം യന്ത്രത്തിന്റെ സഹായത്തോടെ പാക്കറ്റിലാക്കി വിപണനം നടത്തും.

തെങ്ങിനും നെല്ലിനും, പച്ചക്കറി കൃഷിക്കും നല്ല വിളവ് ലഭിക്കുന്ന തരത്തിലുള്ള വളമാണ് ഉത്പാദിപ്പിക്കുകുക. ഗ്രീൻ പ്രോട്ടോകോൾ കർശനമായി നടപ്പാക്കാൻ യോഗത്തിൽ ധാരണയായി. ക്ലീൻ വെങ്കിടങ്ങിന്റെ ഭാഗമായി പഞ്ചായത്തിലെ ജലാശയങ്ങൾ സംരക്ഷിക്കാൻ കക്കൂസ് മാലിന്യം പുഴയിലേക്ക് തള്ളുന്നവർക്കെതിരെ കർശന നടപടിയും പിഴ ഈടാക്കാനും തീരുമാനമായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി മനോഹരൻ, ഇൻഫർമേഷൻ കേരള മിഷൻ ജില്ല കോ- ഓർഡിനേറ്റർ മനോജ്, പഞ്ചായത്ത് സെക്രട്ടറി പി. സുജാത, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മഹേഷ്, ബിജു, ശ്രീനാഥ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്യക്ഷ സജ സാദത്ത്, പഞ്ചായത്ത് അംഗങ്ങളായ അപ്പു ചീരോത്ത്, ശോഭന മുരളി, ഗ്രേസി ജേക്കബ്, അഷറഫ് തങ്ങൾ സംസാരിച്ചു. മേയ് 11, 12 ദിവസങ്ങളിൽ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.