ചേലക്കര: പാഞ്ഞാൾ തോട്ടത്തിൽ മനയിൽ നടക്കുന്ന മഹാകിരാത രുദ്രയജ്ഞം ഇന്ന് നാലാം ദിവസത്തിലേക്ക്. അഷ്ടദ്രവ്യ ഗണപതിഹോമത്തോടെ ആരംഭിച്ച യജ്ഞത്തിന്റെ മൂന്നാം ദിവസം രാവിലെ എട്ടിന് സഹസ്രകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം എന്നിവ നടന്നു. ഒന്നാം ദിവസം ആരംഭിച്ച മഹാകിരാത രുദ്രഹോമം തുടർന്നു.
ശ്രീമൂകാംബിക ദാസൻ കാളിദാസ ഭട്ടിന്റെ മുഖ്യകാർമികത്വത്തിൽ ശതചണ്ഡികാ യാഗശാലയിൽ വിവിധ അനുഷ്ഠാന വിധികളായ രുദ്ര ഏകാദശിനി ഹോമം, ദേവീ മാഹാത്മ്യ പാരായണം, ശ്രീ സൂക്തപുരുഷ സൂക്ത ഹോമം, ദീപാരാധന വൈകിട്ട് ലളിതാസഹസ്ര നാമാർച്ചന, അഷ്ഠാവധാനസേവ, ദീപാരാധന, അഗ്‌നിജനന ചതുഷഷ്ഠിയോഗിനി ബലി എന്നിവ നടന്നു.
വേട്ടേക്കരന്റെ ഉച്ചപൂജ, ഉച്ചപ്പട്ട് അന്നദാനം എന്നിവയ്ക്ക് ശേഷം ദിര് സംഗീതസഭ അവതരിപ്പിച്ച ഭജന, വൈകിട്ട് കേരള പരശു സംഘം അവതരിപ്പിച്ച കളരിപ്പയറ്റ്, വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം വേട്ടേക്കരന്റെ മുല്ലയ്ക്കൽ പാട്ട്, കളംപൂജ, കളംപാട്ട് ഇവ നടന്നു. രാത്രി ചലച്ചിത്രതാരം വിനീതിന്റെ ജ്ഞാനപ്പാന നൃത്താവതരണത്തോടെ മൂന്നാം ദിവസം അവസാനിച്ചത്.
നാലാം ദിവസമായ ഇന്ന് മഹകിരാത രുദ്ര ഹോമം, കളഭാഭിഷേകം, ശതചണ്ഡികായാഗം പൂർണ്ണാഹൂതി, ശ്രീവിദ്യാപീഠം അന്തേവാസികളുടെ കലാപരിപാടികൾ, ഫ്യൂഷൻ മ്യൂസിക്, കലൈമാമണി പി. ഉണ്ണിക്കൃഷ്ണൻ നയിക്കുന്ന സംഗീത നിശ, വേട്ടേക്കരന്റെ മുല്ലയ്ക്കൽ പാട്ട്, കളംപൂജ, കളംപാട്ട് എന്നിവ നടക്കും.