എരുമപ്പെട്ടി: വേലൂർ കീഴ്തണ്ടിലം സെന്ററിൽ കാറിടിച്ച് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം. പ്രദേശവാസികളായ മനയ്ക്കലാത്ത് ബിനോയ് (42), മനയ്ക്കലാത്ത് നിമോദ് (38) എന്നിവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ബിനോയിയുടെ പരിക്ക് ഗുരുതരമാണ്. സംഭവത്തിൽ കീഴ്തണ്ടിലം വലിയപുരയ്ക്കൽ ജോഷിരാജിനെ (39) എരുമപ്പെട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വേലൂർ പോസ്റ്റ് ഓഫീസ് സെന്ററിൽ നിന്നും വഴിയാത്രക്കാരെ ഭയപ്പെടുത്തി അപകടകരമാം വിധത്തിൽ കാറോടിച്ചു വന്നിരുന്ന ജോഷിരാജ് കീഴ്തണ്ടിലം സെന്ററിൽ നിന്നിരുന്ന ബിനോയ്, നിമോദ് എന്നിവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവം നടന്ന ശേഷം വീട്ടിൽ കയറിയ ജോഷിരാജിനെ സ്ഥലത്തെത്തിയ പൊലീസ് കസ്റ്റഡിയിലെടുക്കാൻ വിസമ്മതിച്ചത് സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി. തുടർന്ന് വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഇയാളുടെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയും നാട്ടുകാരിൽ ചിലർ പൊലീസ് വാഹനം തടയുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് സ്റ്റേഷൻ ഓഫീസർ വിപിൻ ഗോപിനാഥ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് വീടിന് പിറകിലുള്ള പറമ്പിൽ നിന്നും പൊലീസ് ഇയാളെ പിടികൂടി. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു.