കയ്പ്പമംഗലം: വോളിബാളിന്റെ ഈറ്റില്ലമായ എസ്.എൻ.എസി ചെന്ത്രാപ്പിന്നിയിൽ 70 ഓളം കുരുന്നുകളെ ഊതിക്കാച്ചിയൊരുക്കുന്നു. വലപ്പാട് , കയ്പ്പമംഗലം, പെരിഞ്ഞനം പഞ്ചായത്തുകളിലേതടക്കം നാലു വയസു മുതൽ 14 വയസു വരെയുള്ള ആൺകുട്ടികളും പെൺകുട്ടികളുമാണ് രാവിലെ ഏഴ് മുതൽ 9 വരെ നടക്കുന്ന വോളിബാൾ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്. ഒട്ടേറെ ദേശീയ ദേശാന്തര വോളിബാൾ താരങ്ങളെ സംഭാവന ചെയ്ത എസ്.എൻ.എസ്.സി 'ബേസിക്ക് സ്‌കില്ലിന് ' പ്രാധാന്യം നൽകിയാണ് പഠനം ആരംഭിക്കുന്നത്. എടത്തിരുത്തി പഞ്ചായത്ത് വോളിബാളിന് എന്നും വളക്കൂറുള്ള മണ്ണാണ്. എസ്.എൻ.എസ്.സിയുടെ 82 വർഷത്തെ പാരമ്പര്യത്തിൽ സംഭാവന ചെയ്ത ഇന്ത്യൻ താരങ്ങളാണ് ഇക്കോരക്കുട്ടി മാസ്റ്റർ, ഒളിമ്പ്യൻ ചന്ദ്രശേഖരൻ, അരുണൻ മാസ്റ്റർ, ടി.ടി കുമാരൻ തുടങ്ങിയവർ. കായികഅദ്ധ്യാപകർ, ദേശീയവോളിബാൾ റഫറിമാർ, ബംഗളൂരു സ്‌പോർട്‌സ് അകാഡമിയിൽ നിന്ന് എൻ.ഐ.എസ് നേടിയ പരിശീലകർ ഇവരെല്ലാം എസ്.എൻ.എസ്.സിയുടെ മുതൽക്കൂട്ടാണ്.
മുഖ്യ പരിശീലകനായ പി.സി രവി മാസ്റ്ററുടെ നേതൃത്വത്തിൽ നടക്കുന്ന പരിശീലന ക്യാമ്പിൽ കായികാദ്ധ്യാപകരായ സി.കെ. മധുമാസ്റ്റർ, മണികണ്ഠ ലാൽ മാസ്റ്റർ, പി.എൻ. സജീവൻ, അഭീഷ് കെ. സത്യൻ എന്നിവരും പരിശീലനം നൽകുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി പെരുമ്പടപ്പ യു.പി സ്‌കൂളിൽ കുട്ടികൾക്കായി നടന്നു വരുന്ന സമ്മർ കോച്ചിംഗ്് പരിശീലനം സൗജന്യമാണ് . ക്ലബ് അംഗങ്ങളും, അഭ്യുദയകാംക്ഷികളും നൽകുന്ന സാമ്പത്തിക സഹായത്താലാണ് പരിശീലനം നടക്കുന്നത്.
എടത്തിരുത്തി പഞ്ചായത്തിൽ പരിശീലനത്തിനും മറ്റ് സാമ്പത്തിക സഹായത്തിനും അപേക്ഷിച്ചിട്ടുണ്ട്. ഇത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികൾ. ക്ലബ്ബ് ഭാരവാഹികളായ രാമനാഥൻ കൊല്ലാറ, സുമൻകുമാർ പണിക്കശ്ശേരി, സാജു കളാന്ത്ര, പി.എ. നസീർ, കെ.സി. സുധീഷ്, ശശി തുരുത്തി, കെ.ജി. കൃഷ്ണനുണ്ണി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. 45 ദിവസം നീണ്ട് നിൽക്കുന്ന ക്യാമ്പ് 19 ന് സമാപിക്കും. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സർട്ടിഫിക്കറ്റും നൽകും.