തൃശൂർ: ആകാശത്തിലെ നിറക്കാഴ്ചകളുടെ പൂരമായ സാമ്പിൾ വെടിക്കെട്ട്, പഴുതടച്ച സുരക്ഷയോടെ ഇന്ന് രാത്രി ഏഴിന് തൃശൂരിൽ. ആദ്യം പാറമേക്കാവും തുടർന്ന് തിരുവമ്പാടിയും തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിന് തിരികൊളുത്തും. ആദ്യ 15 മിനിറ്റിനുള്ളിൽ ഇരുവിഭാഗത്തിന്റെയും കൂട്ടപ്പൊരിച്ചിൽ. തുടർന്നാണ് വർണ അമിട്ടുകളുടെ ഉത്സവം. 9 മണി വരെയാണ് വെടിക്കെട്ടിന് അനുവദിച്ച സമയം.
ഫാൻസി ഇനങ്ങളും അമിട്ടുകളും ഇത്തവണയുണ്ടാകും. ഗുണ്ട്, കുഴിമിന്നൽ എന്നിവയും പ്രയോഗിക്കും. തിങ്കളാഴ്ചയാണ് പൂരം. 14ന് പുലർച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. പാറമേക്കാവിന് രാവിലെ ആറ് വരെയും തിരുവമ്പാടിക്ക് രാവിലെ അഞ്ച് വരെയും സമയം നൽകിയിട്ടുണ്ട്. പകൽപ്പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് 14ന് രാവിലെ 11.30ന് ആരംഭിച്ച് രണ്ടിന് സമാപിക്കും.
വെടിക്കെട്ട് നിരീക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനുമെത്തിയ സംഘം തേക്കിൻകാട് മൈതാനിയിലെ വെടിക്കെട്ടു ശാലകൾ ഉൾപ്പെടെ പരിശോധന പൂർത്തിയാക്കി. പൂരം കഴിയുന്നതു വരെ സുരക്ഷാ ഉദ്യോഗസ്ഥർ തുടരും. തീവ്രതയുണ്ടാക്കുന്ന പൊട്ടാസ്യം ക്ലോറൈറ്റ്, ഡൈനമൈറ്റ് എന്നിവ ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്. വൻകിട വ്യാവസായിക മേളകളിൽ ഉപയോഗിക്കുന്ന 'ഫയർ ഹൈഡ്രന്റ്' ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങൾ മൈതാനിയിൽ ഒരുക്കിയിട്ടുണ്ട്. വെടിക്കെട്ട് നിരീക്ഷിക്കുന്നതിനായി എ.ഡി.എമ്മിന് തിരുവമ്പാടിയുടെയും ആർ.ഡി.ഒയ്ക്ക് പാറമേക്കാവിന്റെയും ചുമതല നൽകി. വെടിക്കെട്ടിന്റെ സമയത്തും തിരക്കുണ്ടാവുന്ന പ്രധാനപ്പെട്ട എല്ലാ ചടങ്ങുകളുടെ സമയത്തും സുരക്ഷാ മേൽനോട്ടത്തിന് തഹസിൽദാർമാരെ നിയോഗിച്ചിട്ടുണ്ട്. ഓഫീസർ റാങ്കിലുള്ള ഇരുപതോളം പേരെയും നൂറോളം മറ്റ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
വെടിമരുന്ന് സാമ്പിളുകൾ കാക്കനാട് റീജ്യണൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ശബ്ദ മലിനീകരണവും അന്തരീക്ഷ മലിനീകരണവും മലിനീകരണ നിയന്ത്രണ ബോർഡ് നിരീക്ഷണ വിധേയമാക്കും. പൊലീസിനെ സഹായിക്കാൻ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ 45 പേരുണ്ടാകും.
പൂരം നാളിലും പിറ്റേന്നും ഹെലികോപ്‌റ്റർ, ഹെലികാം, എയർ ഡ്രോൺ, ലേസർ ഗൺ എന്നിവയുടെ ഉപയോഗം വടക്കുന്നാഥൻ ക്ഷേത്ര മൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂർണമായും നിരോധിച്ചിട്ടുണ്ട്. കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകൾ, ആനകൾക്കും പൊതുജനങ്ങൾക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വിസിലുകൾ, വാദ്യങ്ങൾ, മറ്റ് ഉപകരണങ്ങൾ, ലേസർ ലൈറ്റുകൾ എന്നിവയുടെ ഉപയോഗവും 13, 14 തീയതികളിൽ പൂർണമായും നിരോധിച്ചിട്ടുണ്ട്. ബാഗുകൾക്കും വിലക്കേർപ്പെടുത്തി.