തൃശൂർ: പൂരാഘോഷങ്ങളിലെ പ്രതിസന്ധികൾ സർക്കാരിനെതിരായ പ്രചാരണമാക്കി രാഷ്ട്രീയവത്കരിക്കുന്ന ബി.ജെ.പി നടപടി രാഷ്ട്രീയ മര്യാദകേടാണെന്ന് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കുശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
തൃശൂർ പൂരം ഭംഗിയായി നടത്തുന്നതിനാണ് എക്കാലത്തും എല്ലാ സർക്കാരും ശ്രമിച്ചിട്ടുള്ളത്. അതിൽ രാഷ്ട്രീയമില്ല. ജനങ്ങളുടെയും തൃശൂർക്കാരുടെയും പൊതുവികാരമാണ്. അതിനുള്ള ചർച്ചകളിലും ശ്രമങ്ങളിലുമാണ് സർക്കാർ. അങ്ങനെയിരിക്കേ ബി.ജെ.പി അതിനെ രാഷ്ട്രീയവത്കരിച്ച നടപടി ശരിയായില്ല. തൃശൂർ പൂരം ആ സംസ്ഥാന സർക്കാർ തട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന പ്രചരണം അസംബന്ധമാണ്. തൃശൂർ പൂരം നടത്തിപ്പിന് സഹായമായ നിലപാട് മാത്രമാണ് താനും സംസ്ഥാന സർക്കാരും സ്വീകരിക്കുന്നത്. അങ്ങിനെയിരിക്കേ അതിനായി ശ്രമിക്കുന്നവരെ രാഷ്ട്രീയ ലക്ഷ്യം വച്ച് തേജോവധം ചെയ്യാൻ ശ്രമിക്കുന്നത് തെറ്റായ നടപടിയാണ്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും തൃശൂർ പൂരം എഴുന്നെള്ളിപ്പുമായി ബന്ധമില്ല. രാമചന്ദ്രനെ പൂരത്തിന് എഴുന്നെള്ളിക്കാറുമില്ല. പൂരത്തിന് മുമ്പായി തെക്കെഗോപുരനട തുറക്കുന്ന ചടങ്ങിനാണ് രാമചന്ദ്രൻ എത്തുന്നത്. അതിന് പൂരം എഴുന്നെള്ളിപ്പുമായി ബന്ധമില്ല. ജില്ലാ കളക്ടർ അദ്ധ്യക്ഷയാകുന്ന നിരീക്ഷണ സമിതിയുടെ വിലക്കുകൾ ആന എഴുന്നെള്ളിപ്പ് സംബന്ധിച്ച് നിയമപരമായ പ്രശ്‌നങ്ങളാണ്. അത് സംബന്ധിച്ച് സുപ്രീം കോടതി വിധിയുമുണ്ട്. രാമചന്ദ്രനെ വിലക്കിയാൽ പൂരത്തിന് മറ്റാനകളെ വിട്ടുനൽകിയില്ലെന്ന ആന ഉടമസ്ഥ സംഘത്തിന്റെ നിലപാടാണ് പ്രതിസന്ധിയുണ്ടാക്കിയത്. പ്രശ്‌നം പരിഹരിക്കാൻ വിവിധ തലങ്ങളിൽ സജീവ ചർച്ചകളിലായിരുന്നു താനും സർക്കാരും. പ്രശ്‌നം ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ചർച്ചയിൽ തീരുമാനമുണ്ടാകാതിരുന്നത്. ഹൈക്കോടതി തീരുമാനം പറഞ്ഞ സാഹചര്യത്തിൽ രാമചന്ദ്രനെ നിയന്ത്രിതമായി എഴുന്നെള്ളിച്ച് തന്നെ പ്രശ്‌നം പരിഹാരത്തിനാണ് സർക്കാർ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു.