അന്തിക്കാട്: തൃശൂർ പൂരത്തിന് ഇലഞ്ഞിത്തറ മേളത്തിൽ 20 വർഷമായി നിറസാന്നിദ്ധ്യമായ 20 കലാകാരന്മാർ. അന്തിക്കാട് വടക്കേക്കര ക്ഷേത്രവാദ്യ കലാസമിതിയംഗങ്ങളായ ഇവർ തൃശൂർ പൂരത്തിന്റെ നാദവിസ്മയത്തിൽ ലയിച്ചിട്ട് രണ്ട് പതിറ്റാണ്ട് . ചരിത്രമുറങ്ങുന്ന അന്തിക്കാടിന്റെ ആവേശമാണ് ഈ കലാകാരന്മാർ. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് താളമേളമൊരുക്കി ആസ്വാദക മനസുകളിൽ ആവേശപൂത്തിരി കത്തിക്കുന്നതിൽ ഒരു പങ്ക് ഇവർക്കുമുണ്ട്. 24 വർഷം മുൻപ് പിറവിയെടുത്ത അന്തിക്കാട് വടക്കേകര ക്ഷേത്രവാദ്യ കലാസമിതി അംഗങ്ങളാണിവർ. പഴുവിൽ രഘുമാരാരുടെ ചിട്ടയായ പരിശീലന കളരിയിൽ നിന്നാണ് ഇവരുടെ രംഗപ്രവേശം. ഇവിടുത്തെ 20 പേരാണ് 20 വർഷ മായി പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളത്തിനു മാറ്റു കൂട്ടുന്നത്. പെരുവനം കുട്ടൻമാരാരുടെ കൂടെയാണ് ഇവർ ഉത്സവപ്പറമ്പുകളിൽ കൊട്ടി തിമിർക്കുന്നത്. ഇടന്തലയിൽ അന്തിക്കാട് രാമചന്ദ്രനും, വലന്തലയിൽ അന്തിക്കാട് പത്മനാഭൻ, ഉണ്ണി, ഷാജി എന്നിവർ ഇലഞ്ഞിത്തറയിൽ വിസ്മയം തീർക്കുന്നു. മുന്നൂറിൽപ്പരം കലാകാരന്മാർ പങ്കെടുക്കുന്ന ഇലഞ്ഞിത്തറ മേളത്തിൽ മാത്രമല്ല ഈ അന്തിക്കാടൻ സാന്നിദ്ധ്യം. പെരുവനം കുട്ടൻമാരാരോടൊപ്പം കേരളത്തിനകത്തും പുറത്തും, വിദേശ രാജ്യങ്ങളിൽ വരെ ഇവർ എത്തുന്നുണ്ട്. അന്തിക്കാട്, ചാഴൂർ, മണലൂർ, താന്ന്യം പഞ്ചായത്തുകളിൽ നിന്നുള്ളവരാണിവർ. പൂരാവേശം മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുമ്പോൾ ലോക ശ്രദ്ധ നേടിയ തൃശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറയിൽ ഒരിക്കൽ കൂടി താള- നാദ വിസ്മയം തീർക്കാനുള്ള ഒരുക്കത്തിലാണ് അന്തിക്കാട് വടക്കേക്കര ക്ഷേത്രവാദ്യ കലാ സമിതി അംഗങ്ങൾ.