തൃശൂർ: ഡോ. സുകുമാർ അഴീക്കോട് തത്വമസി സാംസ്‌കാരിക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ 93-ാം ഡോ. സുകുമാർ അഴീക്കോട് ജന്മദിനാഘോഷവും സാഹിത്യോത്സവവും 12ന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. തത്വമസി, സാഹിത്യ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. സാഹിത്യത്തിൽ സി. രാധാകൃഷ്ണനും കവിതയിൽ എസ്. രമേശൻ നായർക്കും പുരസ്‌കാരം സമർപ്പിക്കും.

മറ്റ് പുരസ്‌കാരങ്ങൾ: വി.വി. ജോസ് കല്ലട (കഥാപ്രസംഗം: ഓൺലൈൻ മികവ്), ഡാർവിൻ പിറവം (ജീവകാരുണ്യം , കലാരംഗം), ഹാരിസ് നെൻമേനി(നോവൽ: മാജി), രവിവർമ്മ തമ്പുരാൻ (കഥ: കഥകൾ), ഇടക്കുളങ്ങര ഗോപൻ (കവിത: നിശബ്ദത പറഞ്ഞു അതു നീയാണ്), മുരളീധരൻ വലിയ വീട്ടിൽ (ഹാസ്യ കവിത: ചിത്രശലഭങ്ങളേ മാപ്പ്), സ്‌പെഷ്യൽ ജൂറി പുരസ്‌കാരങ്ങൾ ടി.ജി. അജിത(കവിത: ദി ഇൻസ്ട്രുമെന്റ് ബോക്‌സ്), അമൽ സുഗ(കവിത മഞ്ഞ് മണക്കുന്ന ഭ്രാന്തുകൾ).

10,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. ജസ്റ്റിസ് കെമാൽ പാഷ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. കമാൽ പാഷയും കഥാകൃത്ത് വൈശാഖൻ മാഷും പുരസ്‌കാര സമർപ്പണം നിർവഹിക്കും. തത്വമസി സാംസ്‌കാരിക അക്കാഡമി ചെയർമാൻ രോഹിണി മുത്തൂർ, സുരേഷ് അഴീക്കോട്, സി.എം. അലിയാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.