തൃശൂർ: പൂരത്തോട് അനുബന്ധിച്ച് അടിയന്തര സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് പൂര നഗരിയിൽ പൂരം ദിവസങ്ങളിലും സാമ്പിൾ വെടിക്കെട്ട് ദിവസത്തിലും പല സ്ഥലങ്ങളിലായി മെഡിക്കൽ സംഘങ്ങളെയും ആക്ട്സിന്റേത് അടക്കമുള്ള 20 ഓളം ആംബുലൻസുകളും ആരോഗ്യവകുപ്പ് വിന്യസിച്ചു. പൂരം നഗരിയിലെ പ്രധാന കൺട്രോൾ റൂമിലും, അടിയന്തര സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനായി പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഡോക്ടർമാർ അടങ്ങുന്ന പ്രത്യേക സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. പ്രധാന കൺട്രോൾ റൂമിൽ നാലു ഷിഫ്‌റ്റുകളിലായി മെഡിക്കൽ കോളേജിൽ നിന്നും ഡോക്ടർമാരുടെ സേവനത്തോടൊപ്പം വീൽചെയറുകൾ, സ്‌ട്രെച്ചറുകൾ, അടിയന്തര മരുന്നുകൾ എന്നിവയും 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. ഓൺ കോൾ മൊബൈൽ മെഡിക്കൽ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ ജില്ലാ ആശുപത്രിയിൽ പ്രത്യേക സജ്ജീകരണങ്ങളോടൊപ്പം കുടുതൽ ആരോഗ്യ പ്രവർത്തകരെ സ്‌പെഷൽ ഡൂട്ടിയിൽ നിയോഗിച്ചിട്ടുണ്ട്.

അമൃത, ആസ്റ്റർ മെഡിസിറ്റി എന്നീ ആശുപത്രികളിൽ നിന്നുമുള്ള അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുകളും തയ്യാറാക്കിയിട്ടുണ്ട്. ജില്ലയിലെ പ്രധാന പ്രൈവറ്റ് ആശുപത്രികളിലും ഗവ. മെഡിക്കൽ കോളേജിലും പ്രത്യേക വാർഡുകൾ ഒരുക്കിയിട്ടുണ്ട്. ജില്ലാ സർവയലൻസ് ഓഫീസറായ ഡോ. ടി.കെ. അനൂപിനെ ആണ് ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. പുകയില നിയന്ത്രണ നിയമം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രദർശനം അവസാനിക്കുന്നത് വരെ പ്രദർശനനഗരിയുടെ 500 മീറ്റർ ചുറ്റളവും 11 മുതൽ 14 വരെയുള്ള തിയതികളിൽ തൃശൂർ റൗണ്ടും പുകയില രഹിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്നവർക്കെതിരെ കോട്പ നിയമം 2003 പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.