തൃശൂർ: പൂര നാളുകളിൽ നാവിൽ രുചിയുടെ മേളം തീർക്കാൻ 'മ്മ്‌ടെ രുചി മേളം' ഒരുങ്ങി. തൃശൂർ കോർപറേഷനും, ദേശീയ നഗര ഉപജീവനദൗത്യവും, കുടുംബശ്രീ മിഷനും സംയുക്തമായി ഒരുക്കുന്ന ഭക്ഷ്യമേളയുടെ ഉദ്ഘാടനം മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ നിർവഹിച്ചു. കോർപറേഷന് കീഴിലുള്ള കുടുംബശ്രീ യൂണിറ്റുകളാണ് ഭക്ഷ്യ മേളയിൽ രുചി വിളമ്പുന്നത്. സ്വാദിഷ്ടമായ വിവിധയിനം പുട്ടുകളാണ് മേളയുടെ പ്രധാന ആകർഷണം.

വിവിധതരം ദോശകൾ, പായസങ്ങൾ, ജ്യൂസുകൾ, ബിരിയാണികൾ, തട്ടുകട വിഭവങ്ങൾ, ഊണ് തുടങ്ങി അനവധി ഭക്ഷ്യ വൈവിധ്യങ്ങളാണ് മേളയിൽ ഒരുങ്ങുന്നത്. ഇതിന് പുറമേ കടൽമത്സ്യവിഭവങ്ങളുമുണ്ടാകും. 10, 11, 12 തീയതികളിലായി നടുവിലാൽ ജംഗ്ഷനിലാണ് മേള നടക്കുന്നത്. ആദ്യമായാണ് ദേശീയ നഗര ഉപജീവനദൗത്യത്തിന്റെ നേതൃത്വത്തിൽ പൂരനാളിൽ ഭക്ഷ്യ മേള ഒരുങ്ങുന്നത്.രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെയാണ് മേള പ്രവർത്തിക്കുക.
ചടങ്ങിൽ മേയർ അജിത വിജയൻ അദ്ധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ.വി ജ്യോതിഷ് കുമാർ പങ്കെടുത്തു.