free-air-ticket-
തിരുവത്ര പുത്തൻ കടപ്പുറം ഗവ. റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂൾ

ചാവക്കാട്: എല്ലാ വർഷവും സൗജന്യ വിമാന യാത്ര, അന്തർ സംസ്ഥാന തലത്തിലുള്ള ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങളിലേക്കും മത്സ്യ ഉൽപാദന കേന്ദ്രങ്ങളിലേക്കും പഠന യാത്ര, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസുകൾ, സ്‌പെഷ്യൽ ട്യൂഷൻ, ആർട്‌സ് മ്യൂസിക് ക്രാഫ്റ്റ് പരിശീലനം, യോഗാ പരിശീലനം, കലാ കായിക പരിശീലനത്തിന് സ്‌പെഷ്യൽ കോച്ച്, കൃത്യമായ മെഡിക്കൽ ചെക്കപ്പ്, മോട്ടിവേഷൻ കരിയർ ഗൈഡൻസ് ക്ലാസുകൾ... ചാവക്കാട് തിരുവത്ര പുത്തൻ കടപ്പുറം ഗവ. റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ലഭിക്കുന്ന സൗകര്യങ്ങളാണിത്. തീർന്നില്ല ഇനിയുമുണ്ട് ഇവിടെ ലഭിക്കുന്ന സൗകര്യങ്ങൾ. വിദ്യാർത്ഥികൾക്ക് സ്‌കൂൾ പഠനത്തിനാവശ്യമായ ബാഗ്, പുസ്തകങ്ങൾ, നോട്ട് ബുക്കുകൾ, ഷൂ ഉൾപ്പെടേയുള്ള യൂണിഫോം, പാത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, സ്‌പോർട്‌സ് ഉപകരണങ്ങൾ, ജഴ്‌സി, ബൂട്ട് തുടങ്ങിയവയെല്ലാം ഇവിടെ സൗജന്യമാണ്. സ്‌കൂളിനോട് ചേർന്നുള്ള ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നവർക്ക് പോഷക നിലവാരത്തിലുള്ള ഭക്ഷണത്തിനു പുറമെ കട്ടിൽ, കിടക്ക, തലയിണ, കൊതുകുവല, ബക്കറ്റ്, സോപ്പ്, എണ്ണ തുടങ്ങിയവയും ഇവിടെ തയ്യാർ. ദിവസവും വീട്ടിൽ നിന്നും വന്നു പഠിക്കാനും ഇവിടെ സൗകര്യമുണ്ട്.

ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫലം വന്നപ്പോൾ നൂറു മേനിയുടെ നിറവിലായിരുന്നു ഈ സ്‌കൂൾ. ഇവിടെ പരീക്ഷയെഴുതിയ പത്തു പേരും വിജയിച്ചു. ജില്ലയിൽ തന്നെ ഫിഷറീസ് വകുപ്പ് നേരിട്ട് നിയന്ത്രിക്കുന്ന ഏക റസിഡൻഷ്യൽ സ്‌കൂളാണിത്. മത്സ്യത്തൊഴിലാളികൾക്കുള്ള ലംപ്‌സംഗ്രാന്റ് ഉൾപ്പെടെ നൽകുന്ന ഈ സ്‌കൂളിൽ എല്ലാ സൗകര്യങ്ങളും പൂർണ്ണമായും സൗജന്യമാണെന്ന് തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ കെ.വി. സുഗന്ധകുമാരി പറഞ്ഞു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലേക്ക് 40 വീതം കുട്ടികൾക്കാണ് പ്രവേശനം ലഭിക്കുക. ഈ അദ്ധ്യയന വർഷത്തേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായും കെ.വി. സുഗന്ധകുമാരി പറഞ്ഞു.