arikanniyoor-temple
അരികന്നിയൂർ ഹരികന്യകാ ഭഗവതി ക്ഷേത്രത്തിന്റെ മേൽക്കുര പുനർനിർമ്മാണത്തിനായി പൊളിച്ചു നീക്കുന്നു

ഗുരുവായൂർ: അരികന്നിയൂർ ഹരികന്യകാ ഭഗവതി ക്ഷേത്രത്തിന്റെ മേൽക്കുര പുനർനിർമ്മാണത്തിനായി പൊളിച്ചു നീക്കിതുടങ്ങി. രണ്ടായിരത്തിലധികം വർഷം പഴക്കമുള്ളതാണ് ക്ഷേത്രത്തിന്റെ മേൽക്കുര. പെരുന്തച്ചൻ നിർമ്മിച്ചതാണ് ക്ഷേത്രം. ശില്പചാതുരിയാൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ ക്ഷേത്രം പൂർണ്ണമായും ചെങ്കല്ലിലാണ് നിർമ്മിച്ചിട്ടുള്ളത്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ളതാണ് ഈ ക്ഷേത്രം. ദാരുശില്പി എളവള്ളി നന്ദനാണ് ക്ഷേത്രത്തിന്റെ പുനർ നിർമ്മാണം നടത്തുന്നത്. കാലപ്പഴക്കത്താൽ നശിച്ചുപോയ കൂടങ്ങൾ, വ്യാളിമുഖം, ഗജമുഷ്ടി, ചാരുകൾ എന്നിവ പൗരാണിക തനിമയോടെ പുനർനിർമിക്കും. 50 ലക്ഷം രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. 11.5 ലക്ഷം രൂപ കൊച്ചിൻ ദേവസ്വം ബോർഡ് അനുവദിച്ചിട്ടുണ്ട്. ബാക്കി വേണ്ടിവരുന്ന തുക നാട്ടുകാരിൽ നിന്നും സമാഹരിക്കാനാണ് ക്ഷേത്ര കമ്മിറ്റി ലക്ഷ്യമിടുന്നത്. ക്ഷേത്രം പ്രസിഡന്റ് മോഹൻദാസ് എലത്തൂർ, സെക്രട്ടറി എ.പി. രാജം നമ്പീശൻ, ട്രഷറർ ശ്യാം സുന്ദർ എന്നിവരുടെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾക്ക് നടക്കുന്നത്.