കോടാലി: ജില്ലാ പഞ്ചായത്ത് പദ്ധതിയായ പത്തുകുളങ്ങര കുളം പുനരുദ്ധാരണപ്രവൃത്തി ടെണ്ടറെടുത്ത കരാറുകാരൻ നിർമാണ പ്രവൃത്തികൾ ആരംഭിച്ചില്ലെന്ന് പരാതി. മറ്റത്തൂർ പഞ്ചായത്തിലെ വനപ്രദേശത്തോട് ചേർന്നുകിടക്കുന്ന ഉയർന്ന പ്രദേശമായ പത്തുകുളങ്ങരയിലെ കുടിവെള്ള ക്ഷാമത്തിന് ഇനിയും ശാശ്വത പരിഹാരമാകാത്തത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പത്ത് ലക്ഷം രൂപ അനുവദിച്ച പദ്ധതിയാണ് ഈ വേനലിന്റെ അവസാനത്തിലും നിർമാണമാരംഭിക്കാതെ കിടക്കുന്നത്. ഇതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലുമാണ്.
കുളം താഴ്ത്തുകയും പൈപ് ലൈൻ പുനസ്ഥാപിക്കുകയും അനുബന്ധ ജോലികളുമാണ് പദ്ധതിയിലുള്ളത്. കാലവർഷം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഇക്കുറിയും പ്രവൃത്തികൾ പൂർത്തിയാക്കാനാകാതെ ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. ജനകീയാസൂത്രണ പദ്ധതിയിലൂടെ കുളം നിർമിച്ച് 1998ൽ ആരംഭിച്ച് 2002ൽ കമ്മീഷൻ ചെയ്ത പത്തുകുളങ്ങര കുടിവെള്ള പദ്ധതിയിലൂടെയാണ് നിലവിൽ പ്രദേശവാസികൾക്ക് വെള്ളം ലഭിക്കുന്നത്. പത്തുകുളങ്ങര അംഗൻവാടിയിലേക്കും 54 കുടുംബങ്ങൾക്കും ഈ പദ്ധതി വഴിയാണ് വെള്ളം എത്തുന്നത്. ഒരു ദിവസം അഞ്ചു മുതൽ ആറ് മണിക്കൂർ വരെയാണ് പമ്പിംഗ് നടത്തുക. വേനലിൽ വെള്ളത്തിന്റെ ലഭ്യത കുറയുന്നതോടെ പലപ്പോഴും ഈ സമയക്രമം പാലിക്കാൻ സാധിക്കാറില്ല.
കുളത്തിന്റെ താഴ്ച കൂട്ടിയാലെ വെള്ളം കൂടുതൽ സംഭരിക്കാനാകൂ. അടിഭാഗം കാഠിന്യമുള്ള കാടക്കണ്ണൻ ഇനത്തിൽപെട്ട പാറയായതിനാൽ പ്രദേശവാസികൾക്ക് കുളത്തിന്റെ ആഴം കൂട്ടാനും സാധിക്കില്ല. സർക്കാരിന്റെ സഹാത്തോടെ മാത്രമേ മെഷിനറി ഉപയോഗിച്ച് കുളത്തിന് ആഴം വർധിപ്പിക്കാനാകൂ. കുളത്തിലെ ജലനിരപ്പ് താണാൽ വേനലിനെ മറികടക്കാനാകുമോയെന്ന ഭീതിയും കുടുംബങ്ങൾക്കുണ്ട്. സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചാണ് പ്രദേശവാസികൾ വീടുകളിലേക്ക് വണ്ടി വെള്ളം എത്തിക്കുന്നത്. ഉടനെ കുളം താഴ്ത്തിയില്ലെങ്കിൽ മഴപെയ്യുന്നതോടെ കുളത്തിൽ ജലനിരപ്പ് ഉയരുകയും നിർമാണം തടസപ്പെടുകയും ചെയ്യും. എത്രയും വേഗം നിർമാണം നടത്തണമെന്നാണ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ ആവശ്യം.
............................................................
പത്തുകുളങ്ങര കുളം പുനരുദ്ധാരണത്തിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. നിർമാണ പ്രവൃത്തികൾ 23ന് ശേഷം ആരംഭിക്കും.
- ജയന്തി സുരേന്ദ്രൻ (ജില്ലാ പഞ്ചായത്ത് മെമ്പർ)