തൃശൂർ: പൂരത്തിനെത്തുന്ന ഒരോരുത്തരെയും പൊലീസ് കണ്ണുകൾ നിരീക്ഷിക്കും. പൂരം സുരക്ഷയ്ക്കായി സർവം സജ്ജമായി പൊലീസ് ഇന്നു മുതൽ നാലു ദിവസം നഗരത്തിൽ നിറഞ്ഞു നിൽക്കും. മൊത്തം 3500 പേരെയാണ് പൂരം സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇത്രയും കടുത്ത നിയന്ത്രണമെന്ന് ഐ.ജി: ബൽറാം കുമാർ ഉപാദ്ധ്യായ, സിറ്റി പൊലീസ് കമ്മിഷണർ യതീശ് ചന്ദ്ര, എ.സി.പിമാരായ വി.കെ. രാജു, എം. ഷംസുദ്ദീൻ, സി.ഐ: ടി. ഉത്തംദാസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ലോഡ്ജുകളിലും, തിയറ്ററുകളിലും, വൻകിട ഹോട്ടലുകളിലുമെല്ലാം പൊലീസ് പരിശോധന പൂർത്തിയാക്കി. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ, തീരപ്രദേശങ്ങൾ, ജില്ലാ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം സുരക്ഷ കർശനമാണ്. പൂരപ്പറമ്പിനെ അഞ്ച് മേഖലകളായി വിഭജിച്ചാണ് നിയന്ത്രണം.

സുരക്ഷ ഇവരുടെ കൈകളിൽ
തണ്ടർബോൾട്ട് കമാൻഡോകൾ, 10 ഡോഗ് സ്‌ക്വാഡ്, സംസ്ഥാനത്തെ വിദഗ്ദ്ധരായ 160 ബോംബ് ഡിറ്റക്‌ഷൻ ടീം, ഷാഡോ പൊലീസ്, വനിതാ പൊലീസ്എന്നിങ്ങനെ സുശക്തമായ കാവലിലാണ് ഇത്തവണത്തെ പൂരം നടക്കുക. 5 ഐ.പി.എസ് ട്രെയിനീസ്, 30 ഡിവൈ.എസ്.പിമാർ, 60 സി.ഐമാർ, 300 എസ്.ഐമാർ, 3000 പൊലീസ് ഉദ്യോഗസ്ഥർ, 250 വനിതാ പൊലീസ് , 130 എസ്.ഐ ട്രെയിനീസ് എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

നേതൃത്വം
തൃശൂർ റേഞ്ച് ഐ.ജി: ബൽറാം കുമാർ ഉപാദ്ധ്യായ, സിറ്റി പൊലീസ് കമ്മിഷണർ യതീഷ്ചന്ദ്ര

ക്ഷേത്രവും നഗരവും കാമറക്കണ്ണുകളിൽ

വടക്കുന്നാഥ ക്ഷേത്രം, തേക്കിൻകാട് മൈതാനം, സ്വരാജ് റൗണ്ട് എന്നിവയും പരിസരങ്ങളും സി.സി.ടി.വി കാമറയുടെ വലയത്തിലാകും. 80 കാമറകളിലൂടെ തത്സമയം മിഴിവുറ്റ വീഡിയോ ചിത്രങ്ങൾ കൺട്രോൾ റൂമിൽ ലഭ്യമാക്കി പൊലീസ് വീക്ഷിക്കും.

വിളിച്ചു പറയാം
പൂരം കൺട്രോൾ റൂമും ജില്ലാ കൺട്രോൾ റൂമും 24 മണിക്കൂറും പ്രവർത്തിക്കും. ഫോൺ നമ്പർ 100, 112.

പരിശോധന കർശനം
പഞ്ചവാദ്യം, മദ്ദളം കലാകാരന്മാർക്കും, മറ്റു വാദ്യോപകരണ കലാകാരന്മാർക്കും ബാഡ്ജ് നിർബന്ധമാക്കി. ഉപകരണങ്ങളെല്ലാം സ്‌കാനിംഗിന് വിധേയമാക്കും. പൂരദിവസം വടക്കുനാഥ ക്ഷേത്രത്തിലേക്ക് വരുന്ന എല്ലാവരെയും മെറ്റൽ ഡിറ്റക്ടർ വഴിയാകും കടത്തി വിടുക. വി.വി.ഐ.പി ഗാലറിയിലും പരിശോധന നടത്തും.

അരുത്
പൂരം കാണാനെത്തുന്നവർ ബാഗ്, പ്ലാസ്റ്റിക് ബോട്ടിൽ എന്നിവ കൊണ്ടുവരരുത്. ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ചുള്ള ട്യൂബ് ബലൂൺ, ഹോട്ടൽ, കച്ചവടം എന്നിവ പൂരപറമ്പിൽ അരുത്. ആരും മരത്തിലോ, മതിൽകെട്ടിലോ, ദുർബലമായ കെട്ടിടങ്ങളിലോ കയറരുത് ആനകളെ പരിഭ്രാന്തരാക്കുകയോ, സെൽഫിയെടുക്കാനോ തുനിയരുത്, സ്വരാജ് റൗണ്ടിലെ പെട്രോൾ പമ്പുകൾ തുറക്കരുത്.

ഓട്ടോ, ടാക്‌സി ഡ്രൈവർമാർക്ക്
സംശയാലുക്കളും, തീവ്രവാദ സ്വഭാവമുള്ളവരെയും അറിയുന്നപക്ഷം പൊലീസ് കൺട്രോൾ റൂമിൽ വിവരം നൽകണം. അർദ്ധരാത്രിയിൽ ഒഴിഞ്ഞ കേന്ദ്രങ്ങളിൽ ഇറങ്ങിപ്പോകുന്നവരെയും, സംശയാലുക്കളായ അന്യദേശക്കാരായ വേഷത്തിലുള്ള യാത്രക്കാരുടെയും വിവരം പൊലീസിന് നൽകണം. യാത്രക്കാരുടെ പെരുമാറ്റം, എണ്ണം, ബാഗുകൾ, കയറുന്നതും, ഇറങ്ങുന്നതുമായ പ്രദേശങ്ങൾ എന്നിവയെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കണം.