തൃശൂർ: നഗരത്തിൽ അലഞ്ഞുനടക്കുന്ന നാൽക്കാലികളെ പൂരത്തിനു മുമ്പ് സുരക്ഷിത സ്ഥലത്തേക്കു മാറ്റാൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. പിടികൂടുന്ന മൃഗങ്ങളെ നിശ്ചിതദിവസത്തിനകം ഉടമസ്ഥർ തിരികെ കൈപ്പറ്റിയില്ലെങ്കിൽ അവയെ ലേലം ചെയ്യുമെന്ന നിലപാട് വൻവിവാദമായി. ഇതിന് എതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു. തുടർന്ന് പരിപാലനം സംബന്ധിച്ചു പഠിക്കുന്നതിനു നിയമാനുസൃതം കമ്മിറ്റി രൂപീകരിക്കുമെന്ന് മേയർ അജിത വിജയൻ അറിയിച്ചു. ലേലം ചെയ്യുമെന്നു താൻ പറഞ്ഞിട്ടില്ലെന്നു മേയർ വിശദീകരിച്ചു. മൃഗങ്ങളെ പിടികൂടിയാൽ നിയമാനുസൃതം ലേലം ചെയ്യേണ്ടിവരുമെന്നാണ് വ്യക്തമാക്കിയതെന്നും പറഞ്ഞു. ആദ്യഘട്ടത്തിൽ പൗണ്ടു നിർമിച്ചു സംരക്ഷിക്കണമെന്നാണ് നിയമം. അതു നടപ്പാക്കും. ഹിന്ദുവിശ്വാസം അനുസരിച്ചു പശുക്കൾ ദൈവികചൈതന്യമുള്ളവരാണെന്നും അതിനെ കശാപ്പു ചെയ്യുന്നതു മതവികാരം വ്രണപ്പെടുത്തുമെന്നും ബി.ജെ.പിയിലെ എം.എസ്. സമ്പൂർണ ചൂണ്ടിക്കാട്ടി.
കൊല്ലുക എന്നതു നയമല്ലെന്നും നിയമമനുസരിച്ചു മുന്നോട്ടു പോകുമെന്നും വർഗീസ് കണ്ടംകുളത്തി പറഞ്ഞു. ലേലം ചെയ്യുക എന്നതിനർത്ഥം കൊല്ലുക എന്നതാണെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ലേലം വേണ്ടെന്നു കോൺഗ്രസ് നേതാക്കളായ എം.കെ. മുകുന്ദൻ, ജോൺ ഡാനിയേൽ, എ. പ്രസാദ്, സുബി ബാബു എന്നിവർ ആവശ്യപ്പെട്ടു. കശാപ്പിനു മൃഗങ്ങളെ നൽകരുതെന്നു സി.പി.എമ്മിലെ പ്രേംകുമാറും നിലപാടെടുത്തു.