കയ്പ്പമംഗലം: ചാമക്കാലയിൽ കടലിൽ മത്സ്യബന്ധനത്തിനിറങ്ങിയ ഫൈബർ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു. വള്ളത്തിന്റെ ഉടമ ചാമക്കാല സ്വദേശി കല്ലേപറമ്പിൽ അജിത്ത് (30), ആരിപ്പിന്നി രാജേഷ് (40), കഴിമ്പ്രം സ്വദേശി കോലാട്ടി പുരയ്ക്കൽ വിൽസൺ (49), പാലപ്പെട്ടി ബീച്ച് പോണത്ത് ബാലു (27) എന്നിവർക്കാണ് പരിക്കേറ്റത്. വള്ളം മറിയുന്നത് കണ്ട് രക്ഷാപ്രവർത്തനത്തിനെത്തിയ കല്ലേപറമ്പിൽ ശശിക്കും (54) പരിക്കേറ്റു. സാരമായി പരിക്കേറ്റ രാജേഷിനെ മൂന്നുപീടിക ഗാർഡിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച പുലർച്ചെ നാലോടെയായിരുന്നു സംഭവം. നാല് തൊഴിലാളികളുമായി മത്സ്യ ബന്ധനത്തിനിറങ്ങിയ മഹേശ്വരൻ ഫൈബർ വള്ളമാണ് തിരയിൽപ്പെട്ട് മറിഞ്ഞ് വള്ളത്തിനടിയിൽപ്പെട്ട് തൊഴിലാളികൾക്ക് പരിക്കേറ്റത്. കരയിൽ നിന്ന് 200 മീറ്റർ അകലെ വെച്ചാണ് വലിയ തിരമാലയിൽപ്പെട്ട് വള്ളം മറിഞ്ഞത്. വള്ളത്തിൽ ഘടിപ്പിച്ചിരുന്ന എൻജിൻ തകർന്നു. വലയ്ക്കും വള്ളത്തിനും നാശനഷ്ടം ഉണ്ടായി. രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. ഒന്നര മാസം മുമ്പാണ് പുതിയ വള്ളവും വലയും അജിത്ത് വാങ്ങിയത്...