തൃശൂർ: പൂരത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേളപ്രമാണിയാകാൻ രണ്ടാം തവണയും അഭിഷേക്. ചെമ്പൂക്കാവ് കാർത്ത്യായിനി ക്ഷേത്രത്തിലെ ചെറുപൂരത്തിനാണ് അഭിഷേക് പ്രമാണം വഹിക്കുന്നത്. ചെണ്ടവാദനത്തിൽ നൂറിലേറെ ശിഷ്യരുണ്ട് അഭിഷേകിന്. തൃശൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിൽ ഒന്നാം സ്ഥാനം നേടിയ ഡോൺ ബോസ്‌കോയുടെ പരിശീലകനായ അഭിഷേക് പത്തുവർഷമായി പാറമേക്കാവിന്റെ തെക്കോട്ടിറക്കത്തിന്റെ മേളനിരയിലുണ്ട്. 23ാം വയസിലാണ് ആദ്യമായി ചെറുപൂരങ്ങളിൽ മേളപ്രമാണിയായെത്തുന്നത്. നെല്ലങ്കര കൂവളത്ത് വീട്ടിൽ ശിവദാസിന്റെയും ബീനയുടെയും മൂത്ത മകനാണ് അഭിഷേക്. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് പാറമേക്കാവ് കലാക്ഷേത്രത്തിൽ അഭിഷേക് മേളം അഭ്യസിക്കാൻ തുടങ്ങിയത്. കലാമണ്ഡലം ശിവദാസ്, പാറമേക്കാവ് അജീഷ്, പാറമേക്കാവ് അനീഷ് എന്നിവരുടെ ശിക്ഷണത്തിൽ മേളം അഭ്യസിച്ചു. 2008ൽ ആയിരുന്നു അരങ്ങേറ്റം. ആ വർഷംതന്നെ തൃശൂർ പൂരത്തിൽ സാന്നിദ്ധ്യം അറിയിച്ചു. ഭക്തപ്രിയം ശ്രീകൃഷ്ണ ക്ഷേത്രം, കുതിരാൻ ശാസ്താ ക്ഷേത്രം, നെല്ലങ്കര ദുർഗാ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും പ്രമാണിയായി മേളം നയിച്ചു. ചെമ്പൂക്കാവിന്റെ ചെറുപൂരത്തിൽ അഭിഷേക് ചെണ്ട അഭ്യസിപ്പിച്ച പാറമേക്കാവ് കലാക്ഷേത്രത്തിലെ മുപ്പതോളം കലാകാരന്മാർ അണിനിരക്കുന്നുണ്ട്. പാറമേക്കാവ് ക്ഷേത്രത്തിൽ നടക്കുന്ന ദേശപ്പാട്ടുകളിൽ ചെമ്പൂക്കാവിനായി 22ാം വയസിൽ മേളപ്രമാണിയായിട്ടുണ്ട്. തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് ആരംഭിക്കുന്ന ഏക മേളം ചെമ്പൂക്കാവ് കാർത്ത്യായിനി ദേവിയുടെ പൂരത്തിന്റേതാണ്. തെക്കെ ഗോപുരനടയ്ക്ക് സമീപത്ത് നിന്ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന മേളം തെക്കെ ഗോപുരനട വഴി താഴേക്കിറങ്ങി ഗോപുരത്തിന് താഴെ കൊട്ടിക്കലാശിക്കും. പാണ്ടിമേളത്തെ അതിന്റെ പൂർണതയിൽ അവതരിപ്പിക്കുമെന്ന് അഭിഷേക് പറഞ്ഞു.