തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരം വിളംബര ചടങ്ങിൽ എഴുന്നള്ളിക്കാൻ ജില്ലാ കളക്ടർ ടി.വി. അനുപമ അനുമതി നൽകി. കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണെന്ന മൂന്ന് ഡോക്ടർമാരടങ്ങുന്ന വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ഇന്ന് രാവിലെ 9.30 മുതൽ 10.30 വരെ നാല് പാപ്പാന്മാരുടെ സാന്നിദ്ധ്യത്തിൽ സുരക്ഷാക്രമീകരണങ്ങളോടെ ചടങ്ങിൽ പങ്കെടുപ്പിക്കും. ചടങ്ങ് നടക്കുന്ന സ്ഥലത്തിന് ചുറ്റും പത്ത് മീറ്റർ അകലത്തിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ആൾക്കരെ അകറ്റും.
തെച്ചിക്കോട്ടുകാവ് ക്ഷേത്രപരിസരത്ത് ഇന്നലെ രാവിലെ 6.30ന് നീരാട്ടിന്റെ സമയത്തായിരുന്നു ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ. ബിജു എന്നിവരടങ്ങുന്ന സംഘം രാമചന്ദ്രനെ പരശോധിച്ചത്. സാധാരണ കുളിപ്പിക്കുമ്പോൾ ആനകൾ കുറുമ്പു കാട്ടാറുണ്ട്. ഇന്നലെ കുളിക്കുമ്പോഴും പാപ്പാൻമാർ പറയുന്നതെല്ലാം രാമചന്ദ്രൻ അനുസരിച്ചു. രാവിലെ 7.45വരെ പരിശോധന നീണ്ടു.
രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട പരാതി വെള്ളിയാഴ്ച പരിഗണിച്ച ഹൈക്കോടതി, കളക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു പറഞ്ഞത്.
പൂരവിളംബര ചടങ്ങ് 9.30 മുതൽ
ഇന്ന് രാവിലെ നെയ്തലക്കാവ് ക്ഷേത്രത്തിൽ നിന്ന് ഭഗവതിയുടെ തിടമ്പേറ്റി നെയ്തലക്കാവ് ദേവീദാസൻ തേക്കിൻകാട്ടിലെത്തും. മണികണ്ഠനാൽ ജംഗ്ഷനിൽ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റും. 9.30ന് എഴുന്നള്ളിപ്പ് ശ്രീമൂല സ്ഥാനത്തെത്തി പടിഞ്ഞാറെ ഗോപുരനടയിലൂടെ വടക്കുന്നാഥൻ ക്ഷേത്രത്തിൽ പ്രവേശിച്ച് തെക്കേ നടയിലെത്തി ഗോപുരവാതിൽ തള്ളിത്തുറക്കും. എഴുന്നള്ളിപ്പ് സമയത്ത് വാദ്യക്കാരെയും 25-30 ദേവസ്വം പ്രതിനിധികളെയും മാത്രമേ അകമ്പടിയായി അനുവദിക്കൂ. മൊബൈൽ കാമറയും സെൽഫിയെടുക്കലും അനുവദിക്കില്ല.
ഡോക്ടർമാരുടെ റിപ്പോർട്ട്
1.ആനയ്ക്ക് മദപ്പാടോ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ല
2. വലതു കണ്ണിന് പൂർണമായും കാഴ്ചശക്തിയില്ല
3. ഇടതു കണ്ണിന് 25 ശതമാനം അന്ധതയുണ്ട്
4. മറ്റ് അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നില്ല
5. നടത്തത്തിൽ പന്തികേടില്ല