കാഞ്ഞാണി: മാലിന്യക്കൂമ്പാരത്തിൽ ശ്വാസം മുട്ടിയ കാഞ്ഞാണി പെരുമ്പുഴ പാടത്തെ സംസ്ഥാന പാതയ്ക്ക് ഇരുവശവും ശുചിയാക്കാൻ മണലൂർ പഞ്ചായത്ത് രംഗത്ത്. നൂറിൽപരം ആളുകളാണ് ഏകദിന ശുചീകരണത്തിന് ഇറങ്ങിയത്. ആരോഗ്യ ജാഗ്രത 2019 ന്റെ ഭാഗമായാണ് കാഞ്ഞാണി പെരുമ്പുഴ പാടശേഖരത്തിൽ കൂടി കടന്നു പോകുന്ന സംസ്ഥാന പാതയ്ക്കിരുവശവും ശുചീകരണ പ്രവൃത്തി നടത്തിയത്. മണലൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത സേനാംഗങ്ങളും, ആശാ പ്രവർത്തകരും, ആരോഗ്യ വളണ്ടിയർമാരും ശുചീകരണത്തിന് നേതൃത്വം നൽകി. ഒരു വർഷത്തിലേറെയായി മലിനമായി കിടക്കുന്ന പാതയോരമാണ് ഇവിടം.
മിക്ക ഭാഗങ്ങളും പുല്ല് വളർന്ന് നടപ്പാത ഇല്ലാത്ത അവസ്ഥയിലാണ്. മാലിന്യങ്ങൾ പാതയോരത്ത് നിക്ഷേപിക്കുന്നത് ദുർഗന്ധത്തിനും, പരിസര മലിനീകരണത്തിനും ഇടയാക്കിയിരുന്നു. മദ്യക്കുപ്പികൾ മുതൽ ഇറച്ചി വേസ്റ്റുകൾ വരെ ഇവിടെ കുന്നുകൂടി കിടക്കുകയാണ്. വളർന്നു നിൽക്കുന്ന പുല്ലിൽ തട്ടിയും, ഇതിനടിയിൽ മുന്നറിയിപ്പ് ബോർഡില്ലാതെ കെ.എസ്.ഇ.ബി സൂക്ഷിച്ചിട്ടുള്ള പോസ്റ്റുകളിൽ തട്ടിയും വീണ് അപകടങ്ങൾ തുടർക്കഥയായിരുന്നു. പെരുമ്പുഴ പാട ഭാഗത്തു കൂടി കടന്നു പോകുന്ന റോഡിന് ഒരു വശത്തായി 160 ഓളം മരങ്ങളാണുള്ളത്. അവയിൽ 40 ൽ പരം എണ്ണം കാറ്റിലും, മഴയിലും മറ്റുമായി നിലംപൊത്തിക്കഴിഞ്ഞു. റോഡിന്റെ ചില ഭാഗത്ത് മരച്ചില്ലകൾ റോഡിലേക്ക് ചാഞ്ഞാണ് നിൽക്കുന്നത്. ഇത് രാത്രി കാലങ്ങളിലും, മഴ സമയത്തും വാഹനങ്ങളെ അപകടത്തിൽപെടുത്തുന്നുണ്ട്. വീണു കിടക്കുന്ന മരങ്ങൾ കോൺട്രാക്ട് നൽകി മുറിച്ചു കൊണ്ടുപോകാൻ പി.ഡബ്ല്യു.ഡി ആവേശം കൊള്ളുന്നുണ്ട്. എന്നാൽ ചാഞ്ഞ മരങ്ങളും, കടഭാഗം ദ്രവിച്ച മരങ്ങളും മുറിക്കാൻ ഈ വ്യഗ്രത കാണിക്കുന്നില്ല. ഇവിടെ സി.സി ടി.വി കാമറകൾ സ്ഥാപിക്കുമെന്നും, കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മണലൂർ പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ മോഹനൻ, സിന്ധു ശിവദാസ്, ജിഷ സുരേഷ്, എം.കെ. സദാനന്ദൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.