തൃശൂർ : ആരവമായി...ആചാരമായി...ആഘോഷമായി, തൃശൂർ പൂരത്തിന് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ശക്തന്റെ തട്ടകത്തെ പ്രധാന വഴികളും നാട്ടിടവഴികളും തിങ്ങി നിറഞ്ഞെത്തുന്ന പൂരഷാരത്തിന് കൺനിറയെ കാണാനും കാതു നിറയെ കേൾക്കാനുമുള്ള എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങളുമായി നാളെ പൂരച്ചെപ്പ് തുറക്കും. ഇന്ന് രാവിലെ പൂര വിളംബരമായി നെയ്തലക്കാവിലമ്മ മേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥനിലെത്തി തെക്കെ ഗോപുര നട തള്ളി തുറക്കുന്നതോടെ ശക്തന്റെ തട്ടകത്തെ മനസ് മുഴുവൻ പൂരാവേശത്തിൽ നിറയും. നാളെ രാവിലെ കണിമംഗലം ശാസ്താവ് തെക്കെ ഗോപുരനടയിലൂടെ വടക്കുന്നാഥനിലെത്തുന്നതോടെ പൂരത്തിന് ആരംഭം കുറിക്കും. ഊഴമനുസരിച്ച് മറ്റ് ഘടകപൂരങ്ങളും പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരും എത്തുന്നതോടെ പൂരപ്രേമികൾ ആവേശം കൊണ്ട് മതി മറക്കും. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നത് വരെ മേളപ്പെരുക്കങ്ങളും പഞ്ചവാദ്യത്തിന്റെ അമൃതധാരയും പുരുഷാരത്തിന്റെ ആരവങ്ങളും പൂരനഗരിയിൽ നിറയും.
തിരുവമ്പാടി വിഭാഗം
നാളെ പുലർച്ചെ മൂന്നിന് ക്ഷേത്രത്തിൽ വാകചാർത്ത്. രാവിലെ എഴിന് ഒരാനപ്പുറത്ത് നടപ്പാണ്ടിയുമായി മഠത്തിലേക്ക്. മഠത്തിലെത്തി ആറാട്ടും നിവേദ്യവും കഴിഞ്ഞ് മഠത്തിൽ നിന്നും വരവ്. കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ പഞ്ചവാദ്യത്തോടെ മൂന്ന് ആനകളുടെ അകമ്പടിയിൽ എഴുന്നള്ളിപ്പ്. സ്വരാജ് റൗണ്ടിലെത്തുമ്പോൾ ആനകളുടെ എണ്ണം എഴാകും. നായ്ക്കനാലിൽ പഞ്ചവാദ്യം അവസാനിച്ച് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടി മേളം ആരംഭിച്ച് വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലേക്ക് കയറിയാൽ ആനകളുടെ എണ്ണം 15. ശ്രീമൂലസ്ഥാനത്ത് പാണ്ടി മേളം അവസാനിച്ച് വടക്കുന്നാഥനെ പ്രദക്ഷിണം വച്ച് തെക്കെഗോപുര നട കടക്കും. ഈ സമയം പാറമേക്കാവിലമ്മ അഭിമുഖമായി എത്തുന്നതോടെ കുടമാറ്റം. തുടർന്ന് മഠത്തിലേക്ക് തിരിച്ചെഴുന്നള്ളിപ്പ്. രാത്രി 11.30 ഓടെ മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്. പുലർച്ചെ 3 ന് വെടിക്കെട്ട്, പിറ്റേന്ന് രാവിലെ പാണ്ടിമേളവും ഉപചാരം ചൊല്ലലും കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളും.
പാറമേക്കാവ് വിഭാഗം
പാറമേക്കാവ് ഭഗവതി പൂരദിവസം ഉച്ചയ്ക്ക് 12 മണിയോടെ 15 ആനകളുടെ അകമ്പടിയോടെ പെരുവനം കുട്ടൻമാരാരുടെ പാണ്ടി മേളത്തോടെ എഴുന്നള്ളും. വടക്കുന്നാഥന്റെ കിഴക്കെ ഗോപുര നടവഴി ക്ഷേത്രത്തിലെത്തി പടിഞ്ഞാറെ നടയിലെത്തിയാൽ ഇലഞ്ഞിച്ചുവട്ടിൽ കുട്ടൻമാരാരുടെ നേതൃത്വത്തിൽ 4.30 വരെ ഇലഞ്ഞിത്തറ മേളം. ഇതിന് ശേഷം വടക്കുന്നാഥനെ പ്രദക്ഷിണം വച്ച് തെക്കേ ഗോപുരനടവഴി തേക്കിൻക്കാട്ടിലേക്ക്. കോർപറേഷൻ ഓഫീസിന് മുന്നിലെ പ്രതിമയെ വലം വച്ച് തിരികെ തേക്കിൻകാടിൽ തിരുവമ്പാടി ഭഗവതിക്ക് അഭിമുഖമായി നിൽക്കുന്നതോടെ കുടമാറ്റം. ക്ഷേത്രത്തിലേക്ക് തിരിച്ചു പോകുന്ന ഭഗവതി രാത്രി പതിനൊന്നോടെ പരയ്ക്കാട് തങ്കപ്പൻ മാരാരുടെ പഞ്ചവാദ്യത്തിൽ ഏഴ് ആനകളോടെ രാത്രിപ്പൂരത്തിന് പുറപ്പെടും. പുലർച്ചെ മൂന്നിന് മണികണ്ഠനാലിൽ എത്തുമ്പോൾ വെടിക്കെട്ട്. രാവിലെ 15 ആനകളോടെ ശ്രീമൂല സ്ഥാനത്തേക്ക് മേളത്തോടെ എഴുന്നള്ളിപ്പ്. ഉച്ചയ്ക്ക് ഉപചാരം ചൊല്ലി ക്ഷേത്രത്തിലേക്ക് യാത്രയാകും.