തൃശൂർ: തൃശൂർ പൂരത്തിന്റെ വിളംബരം നടത്താൻ നെയ്തലക്കാവിലമ്മ തെച്ചിക്കോട്ടുകാവ് ദേവിദാസന്റെ പുറത്തേറി ക്ഷേത്രത്തിൽ നിന്ന് ഇന്ന് രാവിലെ ഏഴരയോടെ പുറപ്പെടും. വിയ്യൂർ പാട്ടുരായ്ക്കൽ ഷൊർണൂർ റോഡ് വഴി സ്വരാജ് റൗണ്ടിലെത്തി പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലൂടെ കയറി മണികണ്ഠനാലിൽ എത്തും. അവിടെ കാത്തുനിൽക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് നെയ്തലക്കാവിലമ്മയുടെ തിടമ്പ് കൈമാറുന്നതോടെ പൂരവിളംബരം നടത്താൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അവസരമാകും. കിഴക്കൂട്ട് അനിയൻ മാരാർ, കേളത്ത് അരവിന്ദാക്ഷൻ, ചേറൂർ രാജപ്പൻ മാരാർ എന്നിവരുടെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം നീളുന്ന മേളത്തിന് ശേഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വടക്കുന്നാഥ ക്ഷേത്രത്തിനകത്തേക്ക് കയറും. അകത്ത് ക്ഷേത്രാചാരങ്ങളായ കേളി, കൊമ്പുപറ്റ് എന്നിവയ്ക്കു ശേഷമായിരിക്കും തെക്കെഗോപുര നട തുറക്കൽ ചടങ്ങ് നടക്കുക...