ചാവക്കാട്: അപകടങ്ങൾ തുടർക്കഥയായതോടെ ചേറ്റുവ പാലത്തിനടുത്ത് ടോൾ ബൂത്ത് നിലനിന്നിരുന്ന സ്ഥലത്തെ കോൺക്രീറ്റ് ഡിവൈഡർ പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ ദിവസം പുലർച്ചെ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ച് ലോറിയിൽ നിന്നും ടാങ്കർ വേർപെടുകയും ഡ്രൈവർ തമിഴ്‌നാട് സ്വദേശി മാരിമുത്തുവിന് പരിക്കേൽക്കുകയും ചെയ്തു.

ചേറ്റുവ പാലത്തിന് ടോൾ ഉണ്ടായിരുന്നപ്പോൾ നിർമ്മിച്ചതാണ് വീതിയേറിയ കോൺക്രീറ്റ് ഡിവൈഡർ. ടോൾ ബൂത്ത് നിറുത്തലാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും പൊളിച്ചു നീക്കാത്തതാണ് അപകടങ്ങൾക്ക് കാരണം. കണ്ടെയ്‌നർ ലോറികളും മറ്റു ചരക്ക് വാഹനങ്ങളും അടക്കം ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് രാത്രിയിൽ ഇതുവഴി കടന്നു പോകുന്നത്.

റോഡിന് നടുവിൽ നിർമ്മിച്ചിരിക്കുന്ന ഡിവൈഡറിൽ അപകട സൂചികയായി ആകെയുള്ളത് റിഫ്‌ളക്ടർ സ്റ്റിക്കർ മാത്രം. ഇതിനകം നിരവധി അപകടങ്ങൾ ഇവിടെയുണ്ടായി. പ്രദേശത്ത് വെളിച്ചം ഇല്ലാത്തതിനാൽ ചേറ്റുവ പാലം ഇറങ്ങിവരുന്ന വാഹനങ്ങൾക്ക് ഡിവൈഡർ പെട്ടെന്ന് കാണാൻ കഴിയാത്തതാണ് അപകടങ്ങൾക്ക് പ്രധാനകാരണം.

അശാസ്ത്രീയ രീതിയിൽ നിൽക്കുന്ന ഡിവൈഡർ പൊളിച്ചു നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.