കൊടുങ്ങല്ലൂർ: വികാരഭീകരത സമൂഹത്തെ അടക്കിവാഴാൻ ശ്രമിക്കുകയാണെന്നും സാമൂഹിക മാധ്യമങ്ങളിൽ കൊണ്ടാടുന്ന ചില 'ആചാരങ്ങളും' യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്ത തെറിവിളികളും വികാരഭീകരതയുടെ ഭാഗമാണെന്നും കെ.ഇ.എൻ.കുഞ്ഞഹമ്മദ് പറഞ്ഞു. സൂക്ഷ്മതയിൽ ഊന്നിനിന്നു കൊണ്ട് വിഷയങ്ങളോട് സംവദിക്കുന്നതിനോ അധീശത്വത്തെ പ്രതിരോധിക്കുന്നതിനോ മലയാളികൾക്ക് കഴിയുന്നില്ല.

വ്യക്തി തന്നെ ആൾക്കൂട്ടമാകുന്ന ഒരു കാലമാണ് ഇവിടെ സംഭവിക്കുന്നത്. വിചാര ധീരതയുടെ പുതിയ ലോകമാണ് ഉണ്ടാകേണ്ടത്. പുസ്തകോത്സവങ്ങളും സാഹിത്യ സംവാദങ്ങളും വിചാരധീരതയുടെ പുതുലോകം തുറന്നിടുമെന്നും കെ.ഇ.എൻ. കുഞ്ഞഹമ്മദ് തുടർന്ന് പറഞ്ഞു. പൊലീസ് മൈതാനിയിൽ കൊടുങ്ങല്ലുർ ഫിലിം സൊസൈറ്റി ആരംഭിച്ച പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കെ.ഇ.എൻ. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അനു പാപ്പച്ചൻ, കെ.എം. ഗഫൂർ, കെ.എം. ആഷിക്ക്, എം.കെ.നിസ്‌രി എന്നിവർ സംസാരിച്ചു. മേയ് 17വരെ നീണ്ടു നിൽക്കുന്ന പുസ്തകോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 5.30ന് നടക്കുന്ന കഥാചർച്ചയിൽ ഫ്രാൻസിസ് നൊറോണ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വി.കെ. സുബൈദ എന്നിവർ സംസാരിക്കും...