തൃശൂർ : ശിവപുരിയുടെ ആകാശവട്ടത്തിൽ നിന്ന് കരിമരുന്നിന്റെ വിസ്മയക്കാഴ്ച ശബ്ദ-വർണ്ണ തരംഗമായി പെയ്തിറങ്ങി. നിശ്ചയിച്ച സമയത്തിൽ നിന്ന് ഒരു മണിക്കൂറോളം വൈകിയാണ് പൂരം സാമ്പിളിന് തിരികൊളുത്തിയത്.
പൂരനഗരിയിൽ കുണ്ടന്നൂർക്കാരുടെ പോരാട്ടം കണ്ട കരിമരുന്നിന്റെ മായാജാലത്തിന് ആദ്യം തിരികൊളുത്തിയത് തിരുവമ്പാടി വിഭാഗമായിരുന്നു. കുണ്ടന്നൂർ സജിയുടെ നേതൃത്വത്തിൽ തിരുവമ്പാടി വെടിക്കെട്ടിന് തിരികൊളുത്തിയപ്പോൾ പൂരനഗരിയിൽ തടിച്ചു കൂടിയ വെടിക്കെട്ട് കമ്പക്കാർ ആർത്തു വിളിച്ചു. ഗുണ്ടും, കുഴിമിന്നലും, അമിട്ടും, മാലപ്പടക്കവുമെല്ലാം തേക്കിൻകാടിൽ തീപ്പൂരമൊരുക്കിയപ്പോൾ ജനം ആവേശം കൊണ്ട് മതിമറന്നു.
നാലു മിനിറ്റിലേറെ നേരം നീണ്ടു നിന്ന തിരുവമ്പാടിയുടെ കരിമരുന്നിന്റെ തേരോട്ടത്തിന് ശേഷം പാറമേക്കാവിന്റെ ഊഴമായിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ കസറി കൊണ്ടായിരുന്നു പാറമേക്കാവ് വിഭാഗം വെടിക്കെട്ട് പ്രേമികളെ ത്രസിപ്പിച്ചത്. പൂരത്തിന് മുമ്പുള്ള സാമ്പിളിന്റെ ചെറിയൊരു പതിപ്പ് പുറത്തെടുത്ത പാറമേക്കാവിന്റെ കുണ്ടന്നൂർ ശ്രീനിവാസൻ പൂരനഗരിയെ കിടിലം കൊള്ളിച്ചു. കാതടപ്പിക്കുന്ന ശബ്ദത്തോടൊപ്പം വർണ്ണവും വാരി വിതറിയ ആകാശപ്പൂരം അഞ്ച് മിനിറ്റിലേറെ നീണ്ടു നിന്നു. പാറമേക്കാവ് പ്രണയവർണ്ണങ്ങൾ എന്ന പേരിലാണ് സ്‌പെഷ്യൽ ഇനം പുറത്തിറക്കിയത്.
ഇരുവിഭാഗങ്ങളുടെയും പ്രധാന വെടിക്കെട്ടിന് ശേഷം പൂരനഗരിക്ക് ശോഭ പകർന്ന് അമിട്ടുകൾ പൊട്ടി വിരിഞ്ഞു. ശ്രീലങ്കയിലെ തീവ്രവാദ ഭീഷണികളുടെ നിഴലിൽ അസാധാരണമായ സുരക്ഷാ സന്നാഹങ്ങളിലാണ് സാമ്പിൾ പൊട്ടിച്ചത്. മൈതാനത്ത് നിന്ന് 100 മീറ്റർ അകലെയാണ് ആളുകളെ നിറുത്തിയിരുന്നത്. ബേരിയം ഉപയോഗം തടഞ്ഞ സാഹചര്യത്തിൽ അമിട്ടിൽ പച്ചനിറം ഒഴിവാക്കി. നിരോധിത വസ്തുക്കളൊന്നും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ കർക്കശ പരിശോധനകളുമായി കേന്ദ്ര എക്‌സ്‌പ്ളൊസീവ് സംഘവും രംഗത്തുണ്ടായിരുന്നു.
സാമ്പിളിന് സൗകര്യമൊരുക്കാൻ ഇന്നലെ ഉച്ചമുതൽ തന്നെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാലു മണിയോടെ തന്നെ ശക്തന്റെ തട്ടകത്തേക്ക് വെടിക്കെട്ട് പ്രേമികൾ ഒഴുകിത്തുടങ്ങിയിരുന്നു. റേഞ്ച് ഐ.ജി. ബൽറാം കുമാർ ഉപാദ്ധ്യായ, കമ്മിഷണർ യതീഷ് ചന്ദ്ര, എ.സി.പി വി.കെ. രാജു, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാ ക്രമീകരണം...