തൃശൂർ:കൊമ്പൻമാരുടെ തമ്പുരാനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി ഏകഛത്രാധിപതിയുടെ തലയെടുപ്പോടെ മസ്‌തകം ഉയർത്തി നിന്നപ്പോൾ ചടങ്ങു മാത്രമായിരുന്ന പൂര വിളംബരം ഇത്തവണ തൃശൂർ പൂരത്തോളം വളർന്നു.വിവാദങ്ങൾ നൽകിയ വീരപരിവേഷത്തോടെയുള്ള
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ സാന്നിദ്ധ്യം ഒന്നുകൊണ്ടുമാത്രം ഇന്നലെ ഒരു പൂരത്തിന്റെ പുരുഷാരത്തിന്റെ എഴുന്നള്ളത്തായിരുന്നു.
ആകാംക്ഷയും ആശങ്കയും നിറഞ്ഞ ഒന്നര മണിക്കൂറിൽ ഇതുവരെയില്ലാത്ത സുരക്ഷയ്‌ക്ക് നടുവിൽ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കെ ഗോപുരനട തുറന്ന് പൂരവിളംബരം നടത്തി മടങ്ങി.
നൂറുമീറ്റർ അകലത്തിൽ സുരക്ഷാ ബാരിക്കേഡുകൾക്ക് പുറത്ത് നിന്ന് പതിനായിരങ്ങൾ ആരവങ്ങൾ മുഴക്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തുമ്പിക്കൈ മൂന്നുതവണ ഉയർത്തി പുരുഷാരത്തെ അഭിവാദ്യം ചെയ്തു. അതോടെ 36 മണിക്കൂർ നീളുന്ന പൂരത്തിന് തുടക്കമായി.
രാവിലെ 9.10ഓടെ ലോറിയിൽ മണികണ്ഠനാൽ പരിസരത്ത് എത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിരസിലേക്ക് 9.40ഓടെ കുറ്റൂർ നെയ്തലക്കാവിൽ നിന്ന് തെച്ചിക്കോട്ടു ദേവിദാസൻ എഴുന്നള്ളിച്ചുകൊണ്ടുവന്ന നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പ് മാറ്റി. പിന്നാലെ കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിലുള്ള മേളം തുടങ്ങി. തിടമ്പിന് പുറകിലിരുന്നവർ ആലവട്ടവും വെഞ്ചാമരവും വീശി മുത്തുക്കുട തുറന്നുപിടിച്ചതോടെ തലയെടുപ്പിന്റെ പ്രൗഢതാളത്തിൽ അവൻ ഉയർന്നു നിന്നു.
10.20ഓടെ നെയ്തലക്കാവിലമ്മയുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വടക്കേനടയിലൂടെ ക്ഷേത്രത്തിന്റെ അകത്ത് കയറി പ്രദക്ഷിണം വച്ചു. 10.39ന് തെക്കെഗോപുര നട തുറന്ന് പുറത്തു വന്നു. തൊട്ടുപിന്നാലെ വിളംബരം അറിയിച്ച് ശംഖൂതി.
പുരുഷാരത്തിനിടയിലൂടെ രാമചന്ദ്രനെ തിരികെ കൊണ്ടുപോകുന്നതിന്റെ ആശങ്ക മന്ത്രി വി.എസ്. സുനിൽകുമാറിന്റെ ഇടപെടൽമൂലം ഒഴിവായി. തെക്കേ നട വഴി പുറത്തിറങ്ങിയ ദേവിദാസന്റെ ശിരസിലേക്ക് തിടമ്പ് മാറ്റി. തുടർന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും മൂന്നുതവണ തുമ്പിക്കൈ ഉയർത്തി പുരുഷാരത്തെ അഭിവാദ്യം ചെയ്തു. 11.21ന് ലോറിയിൽ കയറ്റിയ രാമചന്ദ്രനെ ആൾക്കൂട്ടത്തിനിടയിലൂടെ തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിലേക്കു കൊണ്ടുപോയി.
പൂരവിളംബരത്തിന് രാമചന്ദ്രൻ വന്നു തുടങ്ങിയതോടെയാണ് ആളുകൂടിയത്. ഇത്തവണ രാമചന്ദ്രന്റെ ആരാധകർ വർദ്ധിച്ചു. പൂരദിവസത്തെ പ്പോലെയുള്ള ജനസാഗരമാണ് ഇന്നലെ ഒഴുകിയെത്തിയത്.
ചരിത്രത്തിൽ ആദ്യം
നെയ്തലക്കാവിൽ നിന്ന് ഭഗവതിയുടെ തിടമ്പേറ്റുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തെക്കെഗോപുര നട തുറക്കുന്നതായിരുന്നു പതിവ്. 11 മണിക്ക് ശേഷമായിരുന്നു നെയ്തലക്കാവിലമ്മയെ എഴുന്നള്ളിച്ചിരുന്നത്. രണ്ടുപേരെ കൊലപ്പെടുത്തിയതോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഏർപ്പെടുത്തിയ വിലക്കിന് ഇന്നലെ കനത്തസുരക്ഷയോടെ ഒരു മണിക്കൂർ ഇളവാണ് കളക്ടർ അനുവദിച്ചത്. 9.30 മുതൽ 10.30 വരെ. ഇതിനാലാണ് നെയ്തലക്കാവിൽ നിന്ന് മണികണ്ഠനാൽ വരെ ഭഗവതിയെ തെച്ചിക്കോട്ട് ദേവിദാസൻ രാവിലെ തന്നെ എഴുന്നള്ളിച്ചത്. ഗോപുര നട തുറന്നതിന് ശേഷം രാമചന്ദ്രന്റെ ശിരസിൽ നിന്ന് ഭഗവതിയുടെ തിടമ്പ് ദേവിദാസന്റെ ശിരസിലേക്ക് മാറ്റി. ദേവദാസനാണ് തിടമ്പ് തിരികെ ക്ഷേത്രത്തിലെത്തിച്ചത്. ഇത് പൂരത്തിന്റെ ചരിത്രത്തിലാദ്യമാണ്.