തൃശൂർ: നോക്കെടാ അവന്റെ നിൽപ്പ് കണ്ടാ. ഇവനാള് പുലിയാ. ഇവനില്ലാതെ എന്തൂട്ട് പൂരം. മണികണ്ഠനാൽ പരിസരത്ത് രാവിലെ ലോറിയിലെത്തിച്ച കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നോക്കി ജനക്കൂട്ടം ഒരേ സ്വരത്തിൽ പറഞ്ഞു. താരരാജാക്കന്മാർക്ക് ഭൂമിയിൽ വന്നിറങ്ങുമ്പോൾ ഒഴുകുന്നത്രയും ആരാധകവൃന്ദമായിരുന്നു രാമനെ വരവേൽക്കാനും ഒരു നോക്കു കാണാനും രാവിലെ മുതൽ തേക്കിൻകാട് മൈതാനിയിലേക്ക് ഒഴുകിയെത്തിയത്.
ചാനലുകളും സാമൂഹികമാദ്ധ്യമങ്ങളും ഒരുമിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞു. ഇതാ ഇക്കുറി പൂരം മൂന്ന് ദിവസമായിരിക്കുന്നു. രാവിലെ 9.10ന് എത്തിയത് മുതൽ 11.21ന് തിരിച്ച് ലോറിയിൽ കയറുന്നതുവരെയുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഓരോ ചലനങ്ങളും പൂരച്ചടങ്ങുകളും ചരിത്രത്തിലാദ്യമായി ദൃശ്യമാദ്ധ്യമങ്ങളും ഓൺലൈൻ മീഡിയകളും ലൈവായി പ്രക്ഷേപണം ചെയ്തു. തെച്ചിക്കോട്ടുകാവ് രാമൻ തെക്കേഗോപുരനട തുറന്ന് പൂരവിളംബരം നടത്തുന്ന ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള പൂരപ്രേമികളുടെ വാട്ട്‌സ് ആപ്പുകളിൽ അധികം വൈകാതെ സ്റ്റാറ്റസായി പിറന്നു.
9.10ന് എത്തിയെങ്കിലും രാമചന്ദ്രന്റെ നെറ്റിയിൽ നെറ്റിപ്പട്ടം ചാർത്തുന്നത് 9.32 ഓടെയാണ്. തൊട്ടുപിറകെ വലിയ മാലയും ചാർത്തി. രണ്ടു മിനിറ്റിനുള്ളിൽ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പുമായി ദേവിദാസനെത്തി. രണ്ടാനകളും ചേർന്നു നിന്നു. 9.40ന് രാമന്റെ ശിരസിലേക്ക് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി. ആനയുടെ പത്തുമീറ്റർ അകലെ മാത്രമേ നിറുത്തൂവെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും ആരാധകരുടെ തള്ളിക്കയറ്റത്തിൽ നിയന്ത്രണം അസാദ്ധ്യമായി.
മേളം തുടങ്ങിയതോടെ സ്ത്രീകളും കുട്ടികളും പുരുഷൻമാരും അടങ്ങിയ ജനക്കൂട്ടം കൂടുതൽ ആവേശത്തിലായി. മേളത്തിനൊത്ത് ഉയർന്നും താഴ്ന്നും കൈകൾ ഉയർത്തിയും രാമന്റെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയും ജനങ്ങൾ ആരവം മുഴക്കി. 10.20ന് വടക്കുന്നാഥ ക്ഷേത്രത്തിനകത്തേക്ക് രാമൻ പ്രവേശിച്ചതോടെ തെക്കെഗോപുര നട വഴി പുറത്തുവരുന്നതും നോക്കിയായി ആരാധകരുടെ കാത്തു നിൽപ്പ്. 10.39ന് രാമൻ തെക്കെഗോപുര നട തുറന്നതോടെ ഏറെ നേരത്തേക്ക് ജനക്കൂട്ടത്തിനിടയിൽ നിന്നുയർന്ന ആരവം നീണ്ടു നിന്നു.
ആരാധകരെ നോക്കി മൂന്നുതവണ തുമ്പിക്കൈ ഉയർത്തുകയും കൂടി ചെയ്തതോടെ ആർപ്പുവിളികൾ ഉയർന്നു. കാമറകൾ മിന്നിത്തിളങ്ങി. പ്രതീക്ഷകൾ തെറ്റിക്കാതെ അനുസരണയുള്ള ചുണക്കുട്ടനായിരുന്നു ഇന്നലെ ആരാധകരുടെ സ്വന്തം തെച്ചിക്കോട്ടുകാവ് രാമൻ.
ഉടക്കാൻ ചിലർ
പൂരവിളംബരത്തിന് ശേഷം നെയ്തലക്കാവ് ദേവിയെ തിരിച്ച് ദേവിദാസനെ എൽപ്പിക്കാനുള്ള നടപടികൾക്കിടയിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചു. ഭഗവതിയുടെ തിടമ്പ് രാമൻ തന്നെ തിരിച്ച് ക്ഷേത്രത്തിലെത്തിക്കണമെന്നായിരുന്നു ചിലരുടെ വാദം. ജില്ലാ ഭരണകൂടവും മന്ത്രി സുനിൽ കുമാറും ഇത് അവഗണിച്ചതിനാൽ കൂടുതൽ വിവാദങ്ങൾ ഒഴിവായി.
തെക്കോട്ടിറക്കം ചരിത്രമായി
വടക്കുന്നാഥന്റെ പടിഞ്ഞാറെ ഗോപുര നടയിൽ കൂടി ക്ഷേത്രത്തിൽ പ്രവേശിച്ച് ക്ഷേത്രത്തിന് വലം വെച്ച് വടക്കുന്നാഥനെ വണങ്ങി തെക്കെഗോപുര നട തള്ളിത്തുറക്കുന്ന ചടങ്ങിന് തെക്കോട്ടിറക്കം എന്നാണ് പറയുക. ഘടക പൂരങ്ങളിൽ പ്രധാനിയായ നെയ്തലക്കാവ് ഭഗവതിയാണ് പൂരവിളംബരത്തിന്റെ ഭാഗമായി ആദ്യം തെക്കോട്ടിറക്കം നടത്തുക. ഘടകപൂരങ്ങൾക്ക് വടക്കുന്നാഥ ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അനുവാദം വാങ്ങാനാണ് നെയ്തലക്കാവിലമ്മ എഴുന്നള്ളുന്നതെന്നാണ് വിശ്വാസം. ഇതിന് ശേഷം കണിമംഗലം ശാസ്താവ് തെക്കെഗോപുരത്തിലെത്തും. പിന്നാലെ ഓരോ ചെറുപൂരങ്ങളായി തെക്കെഗോപുര നടവഴി പുറത്തേക്കിറങ്ങും.