എരുമപ്പെട്ടി: കുന്നംകുളം - വടക്കാഞ്ചേരി റോഡിലെ കടങ്ങോട് പഞ്ചായത്ത് പാഴിയോട്ടുമുറിയിൽ പൊതുമരാമത്ത് റോഡ് കൈയേറി സ്വകാര്യ കമ്പനി റോഡ് നിർമ്മിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ നിയമ വിരുദ്ധമായി പ്രധാന റോഡരികിൽ നിന്നും വൻതോതിൽ മണ്ണെടുത്ത് മാറ്റിയാണ് സിമന്റ് ഗോഡൗണിലേക്ക് റോഡ് നിർമ്മിച്ചിരിക്കുന്നത്.
റോഡരികിലെ പ്രധാന കാനകളും പാഴിയോട്ടുമുറി കുന്നിൽ നിന്നും വെള്ളം ഒഴുകിവരുന്ന ചാലും നികത്തിയാണ് റോഡ് ടാറിംഗ് നടത്തിയിട്ടുള്ളത്. ഞായറാഴ്ച പൊതു അവധി ദിവസം മുതലെടുത്താണ് അനധികൃത പ്രവർത്തനം. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നിർമ്മാണ പ്രവർത്തനം തടഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ടു.
കാനകൾ നിർമ്മിച്ച് സ്ലാബ് സ്ഥാപിക്കാൻ പ്രസിഡന്റ് കമ്പനി ഉടമയ്ക്ക് നിർദേശം നൽകി. ഇതിനിടെ പൊതു സ്ഥലത്ത് നിന്നും വൻതോതിൽ മണ്ണ് എടുത്ത് കടത്തിയെന്നും ഇതിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ മണ്ണ് കൊണ്ട് പോയതായി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും നാട്ടുകാർ ഇതേക്കുറിച്ച് പരാതിപ്പെട്ടിട്ടില്ലെന്നും പ്രസിഡന്റ് അറിയിച്ചു. ഇതേത്തുടർന്ന് നാട്ടുകാർ ഇരു വിഭാഗമായി തിരിഞ്ഞ് രൂക്ഷമായ വാക്കേറ്റമുണ്ടായത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
മുൻപഞ്ചായത്ത് പ്രസിഡന്റ് വി.കെ. രഘു സ്വാമി, മുൻ മെമ്പർ ആന്റോ പാലയൂർ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി നയനൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.